രഞ്ജി ട്രോഫി: കേരളത്തിന് ലീഡ്
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരേ കേരളത്തിന് ലീഡ്. ഗോവയുടെ ഒന്നാമിന്നിങ്‌സ് 286ല്‍ അവസാനിപ്പിച്ച കേരളം മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട്. കേരളത്തിന് ഇപ്പോള്‍ 210 റണ്‍സിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 56 റണ്‍സിന്റെ ലീഡാണ് കേരളം സ്വന്തമാക്കിയത്.
രണ്ടാമിന്നിങ്‌സില്‍ ലീഡുമായി ബാറ്റിങിനിറങ്ങിയ കേരളത്തിന് 54 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായിരുന്നു. രോഹന്‍ പ്രേം(60*) മുഹമ്മദ് അസ്ഹറുദീന്‍(56*) സഖ്യം കൂടുതല്‍ നഷ്ടമില്ലാത ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഭവിന്‍ തക്കര്‍(1) വിനോദ് കുമാര്‍(20) സഞ്ജു സാംസണ്‍(0) സച്ചിന്‍ ബേബി(6) എന്നിവരാണ് പുറത്തായ താരങ്ങള്‍. രോഹന്‍ പ്രേം 128 പന്തില്‍ ഏഴു ബൗണ്ടറിയടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. അസ്ഹറുദീന്റെ ഇന്നിങ്‌സില്‍ ഏഴു ബൗണ്ടറിയുണ്ടായിരുന്നു. ഗോവയ്ക്കായി സൗരഭ് ഭണ്ഡേക്കര്‍ 12 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് ഫെലിക്‌സ് അലിമാവോയ്ക്കാണ്.
നേരത്തെ ആറിന് 169 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഗോവ മികച്ച പോരാട്ടമാണ് കാഴ്ച്ചവച്ചത്. ശതാബ് ജക്കാത്തി(85) സൗരഭ് ഭണ്ഡേക്കര്‍(35) എന്നിവര്‍ 97 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ജക്കാത്തി 162 പന്തില്‍ 13 ബൗണ്ടറിയടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. കേരളത്തിനായി വിനോദ് കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി. സന്തീപ് വാര്യര്‍ മൂന്നുവിക്കറ്റ് നേടിയപ്പോള്‍ ഫാബിദ് അഹമ്മദ്, ഇഖ്ബാല്‍ അബ്ദുല്ല എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."