ലണ്ടനിലെ ഫ്ളാറ്റിനുള്ള പണം നല്‍കിയത് ഖത്തര്‍ രാജകുമാരനെന്ന് മറിയം ശരീഫ്
ഇസ്ലാമാബാദ്: പനാമ രേഖാ കേസില്‍ വിശദീകരണവുമായി പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകള്‍ മറിയം നവാസ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്കി. ലണ്ടനില്‍ അപ്പാര്‍ട്മെന്റുകള്‍ വാങ്ങാന്‍ ഖത്തര്‍ രാജകുമാരനാണ് പണം നല്‍കിയതെന്ന് മറിയം സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേസ് വാദം കേള്‍ക്കാനായി കോടതി മാറ്റിവച്ചു.
2011 മുതല്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ കുടുംബം നടത്തിയ സാമ്പത്തിക ഇടപാടിന്റെ 397 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതിനൊപ്പമാണ് ലണ്ടനില്‍ ഫ്ളാറ്റ് വാങ്ങാനുള്ള പണം താന്‍ നല്‍കിയതാണെന്ന ഖത്തര്‍ രാജകുമാരന്റെ കത്തും സമര്‍പ്പിച്ചതെന്ന് എക്സ്പ്രസ് ട്രിബൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
നവാസ് ശരീഫ്, മക്കളായ മറിയം, ഹസന്, ഹുസൈന് എന്നിവരുടെ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങളാണ് സുപ്രിംകോടതി ആവശ്യപ്പെട്ടത്.
ഹസനും ഹുസൈനും വിദേശത്താണ് താമസിക്കുന്നത്. അതിനാല്‍ അവര്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല.
നവാസ് ശരീഫിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 15 ദിവസത്തെ സമയം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിച്ചു.
പാക് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ മാസം 17 ന് കേസ് വീണ്ടും പരിഗണിക്കും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."