ചില്ലറക്ഷാമമില്ലാത്ത ഒരേയൊരു കട!
മഞ്ചേരി: ചില്ലറ പ്രതിസന്ധിയില്‍ നാട്ടിലെ വ്യാപാരമേഖല സ്തംഭിച്ചപ്പോള്‍ ഇവിടെ ഒരു കടയില്‍ വന്‍ കച്ചവടമാണ് നടന്നത്. മഞ്ചേരി തുറക്കല്‍ സ്‌കൂളിലെ ഒന്നാംക്ലാസുകാര്‍ നടത്തിയ കുട്ടിത്തട്ടുകടയില്‍ പതിനായിരം രൂപയാണ് വിറ്റുവരവ്. ശിശുദിനത്തോടനുബന്ധിച്ചായിരുന്നു തുറക്കല്‍ എച്ച്.എം.എസ്.എ സ്‌കൂളിലെ ഒന്നാംക്ലാസുകാര്‍ കച്ചവടത്തിനിറങ്ങിയത്.
ഒന്നാംക്ലാസിലെ നന്നായി വളരാന്‍ എന്ന പാഠഭാഗത്തിന്റെ പഠനപ്രവര്‍ത്തനങ്ങളാണ് കച്ചവടത്തിലൂടെ അവതരിപ്പിച്ചത്. കടമുതലാളി, കാഷ്യര്‍, സെയില്‍സ്മാന്‍ തുടങ്ങിയ വേഷങ്ങള്‍ കുട്ടികള്‍ മികവോടെ അവതരിപ്പിച്ചു. കൂട്ടല്‍, കിഴിക്കല്‍, തരംതിരിക്കല്‍, നാടന്‍ പലഹാരങ്ങള്‍ നിര്‍മിക്കല്‍, പേരുകള്‍ പരിചയപ്പെടല്‍ തുടങ്ങി കച്ചവടത്തിന്റെ പ്രായോഗിക പാഠങ്ങള്‍ പരിശീലിക്കുകയും ചെയ്തു.
ലാഭംനേടിയ തുക മഞ്ചേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനു കീഴിലെ നിര്‍ധന കുടുംബത്തിലുള്ള ഒരു കുട്ടിയുടെ ചികിത്സാ ഫണ്ടിലേക്കു കൈമാറി. തട്ടുകട വാര്‍ഡ് കൗണ്‍സിലര്‍ യാഷിക് മേച്ചീരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അക്ബര്‍ ഹക്കീം അധ്യക്ഷനായി. പ്രധാനാധ്യാപിക രാജേഷ്വരി, അധ്യാപകരായ ശമീര്‍, അലി, നവീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."