കുടിവെള്ള സംഭരണത്തിന് പഞ്ചായത്തുകള്‍ പ്രാധാന്യം നല്‍കണം
മലപ്പുറം: രൂക്ഷമായ വരള്‍ച്ച മുന്നില്‍ക്കാണുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടിവെള്ള സംഭരണത്തിനു പ്രാധാന്യംനല്‍കി പദ്ധതി രൂപീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചു. ആവശ്യമുള്ള പഞ്ചായത്തുകളിലെല്ലാം ജലസംഭരണത്തിനു വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം.
വേനല്‍ക്കാലത്ത് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണം. പകരം കിയോസ്‌കുകളില്‍ ജലം സംഭരിച്ചു വിതരണം നടത്തുന്നതു കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനു സഹായിക്കുമെന്നു ഡി.പി.സി വിലയിരുത്തി.
നടപ്പു വര്‍ഷം ജില്ലയിലെ 54 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലോക ബാങ്ക് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഇന്നലെ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. 23 നഗര-ഗ്രാമ പഞ്ചായത്തുകള്‍ക്കു നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ ജില്ലയിലെ എട്ടു നഗരസഭകളുടെയും 69 ഗ്രാമപഞ്ചായത്തുകളുടെയും ലോക ബാങ്ക് പദ്ധതികള്‍ക്ക് ഡി.പി.സി. അംഗീകാരമായി. മൊത്തം 12 നഗരസഭകള്‍ക്കും 80 ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ് ലോക ബാങ്ക് ഫണ്ട് നിലവിലുള്ളത്. അടുത്ത മാര്‍ച്ച് 31നകം ഫണ്ട് പൂര്‍ണമായും ചെലവഴിച്ചിരിക്കണമെന്നാണ് വ്യവസ്ഥ.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അഡ്‌ഹോക് ഡി.പി.സി യോഗത്തില്‍ ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എ. ഷെനാമോള്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് എന്‍.കെ ശ്രീലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."