വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കല്‍ തുടങ്ങി
അരീക്കോട്: ടൗണിലും പരിസരങ്ങളിലും ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മുക്കം റോഡിലെയും വാഴക്കാട് റോഡിലെയും കച്ചവടക്കാര്‍ക്ക് അരീക്കോട് എസ്.ഐ കെ. സിനോദ് വഴിയടച്ചുള്ള കച്ചവടം ഒഴിയാന്‍ നിര്‍ദേശം നല്‍കി. അടുത്തമാസം അഞ്ചിനകം കച്ചവട വസ്തുക്കള്‍ പൂര്‍ണമായും റോഡരികില്‍ നിന്ന് നീക്കം ചെയ്യണം. ഗതാഗത പരിഷ്‌കരണത്തിന്റെ ആദ്യ പടിയെന്നോണമാണ് ഈ നടപടി.
അരീക്കോട് ടൗണിന്റെ വിവിധ ഭാഗങ്ങളിലായി നടപ്പാത കൈയേറിയുള്ള കച്ചവടം വ്യാപകമായിട്ടുണ്ട്. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറയുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്ന് വന്ന മുപ്പതോളം നിര്‍ദേശങ്ങള്‍ എസ്.ഐ കെ. സിനോദിന് കൈമാറിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടപടി. ഒരാഴ്ച്ചക്കകം ഗതാഗത പരിഷ്‌കരണം നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും പൊലിസും പറയുന്നുണ്ടെങ്കിലും സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറ്റുന്നതും ഇറക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ബസ് ജീവനക്കാര്‍ക്ക് പ്രയാസമുണ്ടെന്നാണ് അറിയുന്നത്.
ബസ് ജീവനക്കാരുമായി ഒത്ത് തീര്‍പ്പിലെത്താതെ ഗതാഗത പരിഷ്‌കരണം നടപ്പാക്കല്‍ പ്രയാസമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."