പണമില്ല, പണിയില്ല
സ്വന്തം ലേഖകന്‍
കോഴിക്കോട്: 'ആകെയുണ്ടായിരുന്ന അഞ്ഞൂറ് രൂപ മസാല പീടികക്കാരന്റെയടുത്ത് കൊടുത്തു. അത്യാവശ്യത്തിനുള്ള കുറച്ചു പലവ്യഞ്ജനങ്ങള്‍ വാങ്ങി. ബാക്കി തന്നിട്ടില്ല. കുറേശെ സാധനങ്ങള്‍ വാങ്ങി തീര്‍ക്കണം. അതാണ് ഇനി കൈയിലുള്ള ബാക്കിയിരിപ്പ്. അതും കഴിഞ്ഞാല്‍ പിന്നെ എങ്ങനെ ജീവിക്കുമെന്നറിയില്ല. കടലില്‍ പോയിട്ട് ദിവസങ്ങളായി'. കരയില്‍ കയറ്റിയിട്ട വള്ളത്തിലിരുന്ന് വലയുടെ ചില്ലറ കേടുപാടുകള്‍ തീര്‍ത്തുകൊണ്ട് മുഖദാറിലെ ഇമ്പിച്ചിക്കോയ എന്ന ബിച്ചുക്ക പറഞ്ഞു. വര്‍ഷങ്ങളായി മത്സ്യബന്ധനം നടത്തിയാണ് ഇമ്പിച്ചിക്കോയ കുടുംബം പുലര്‍ത്തുന്നത്. അഞ്ഞൂറും ആയിരവുമൊക്കെ പിന്‍വലിച്ചാല്‍ അതു സാധാരണക്കാരെ ബാധിക്കില്ലെന്ന് ചിലര്‍ അവകാശപ്പെടുമ്പോള്‍ ഇമ്പിച്ചിക്കോയ തന്റെ അനുഭവത്തിലൂടെയാണ് ഒരു സാധാരണക്കാരന്റെ ദുരിതം കാട്ടിത്തരുന്നത്.
'ട്രോളിങ് നിരോധന കാലത്തിന്റെ പ്രതീതിയാണ് ഇപ്പോള്‍ കടപ്പുറങ്ങളില്‍. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ട് ദിവസങ്ങളായി. ഓരോ ദിവസവും കടലില്‍ പോയിട്ട് കിട്ടുന്ന മത്സ്യം വിറ്റുകിട്ടുന്ന പണം കൊണ്ടാണ് അന്നത്തെ ചെലവും പിറ്റേന്ന് ബോട്ടിനുവേണ്ട ഇന്ധനവും നിറയ്ക്കുന്നത്. ഇപ്പോള്‍ ആരുടെയടുത്തും പണമില്ല. മത്സ്യം വില്‍പ്പന കുറഞ്ഞതിനാല്‍ ചെറിയ വിലയ്ക്കാണ് കൊടുക്കേണ്ടത്. അതിനാല്‍ ചെലവിനുപോലും പണം കിട്ടുന്നില്ല'. മത്സ്യത്തൊഴിലാളിയ വലക്കാരന്‍ വാഹിദ് പറഞ്ഞു. ഇത് ഇവരുടെ മാത്രം ദുരിതക്കഥയല്ല. കള്ളപ്പണക്കാരെ വേട്ടയാടാന്‍ ഒരു രാത്രിയില്‍ ആയിരവും അഞ്ഞൂറും അസാധുവാക്കിയതോടെ ജീവിതം പ്രതിസന്ധിയിലായ ലക്ഷക്കണക്കിനു സാധാരണക്കാരില്‍ ചിലര്‍ മാത്രമാണിവര്‍. നോട്ട് പ്രതിസന്ധി ആദ്യം ബാധിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്.
ഇനിയും ഈ സാഹചര്യം തുടര്‍ന്നാല്‍ എങ്ങനെ നേരിടുമെന്നറിയാത്ത ആശങ്കയിലാണ് കടലോരത്തെ മത്സ്യത്തൊഴിലാളികള്‍. നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങള്‍ ആദ്യം കുറവുവരുത്തിയത് മത്സ്യം വാങ്ങലും മറ്റുമാണ്. കൈയിലുള്ള പണം തീര്‍ന്ന് പോയാലോയെന്ന ആശങ്കയില്‍ അത്യാവശ്യ ചെലവുകള്‍ക്ക് മാത്രമാണ് ജനങ്ങള്‍ പണം ചെലവഴിക്കുന്നത്. അതിനാല്‍ പലരും തല്‍ക്കാലം മത്സ്യത്തെ തീന്‍മേശയില്‍ നിന്ന് ഒഴിവാക്കി.
ബാങ്കില്‍ നിന്ന് വായ്പയെടുത്തും മറ്റും വള്ളം വാങ്ങിയവരൊക്കെ തിരിച്ചടവ് എങ്ങനെ നടത്തണമെന്ന ആശങ്കയിലാണിപ്പോള്‍. മീന്‍ കുറവും വലയില്‍ കുടുങ്ങുന്ന ചില ചെറുജീവികളും ഉണ്ടാക്കുന്ന നഷ്ടത്തിന് പുറമെയാണ് ഇപ്പോള്‍ നോട്ട് ദുരിതവും മത്സ്യത്തൊഴിലാളികളെ ബാധിച്ചിരിക്കുന്നത്. മിക്ക വള്ളങ്ങളും കരയ്ക്കു കയറ്റിവച്ചിരിക്കുകയാണ്.
കൈയിലുള്ള ചെറിയ സമ്പാദ്യമായ പഴയ നോട്ടുകള്‍ മാറ്റി പുതിയതാക്കാനുള്ള ഓട്ടവും ഇതിനിടയ്ക്ക് നടക്കണം. അതിനാല്‍ ചിലര്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും മുന്നിലാണ്. എത്രയും വേഗം പ്രതിസന്ധികള്‍ തീര്‍ന്ന് കടലില്‍ പോകാനാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. അതുവരെ ട്രോളിങ് കാലത്തേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."