റംസാന് വിളിപ്പാടകലെ: ഉംറ തീര്‍ത്ഥാടനത്തിന് അതിശക്തമായ സുരക്ഷയൊരുക്കി സഊദി ആഭ്യന്തര മന്ത്രാലയം
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: വിശുദ്ധ റംസാനില്‍ പുണ്യ സ്ഥലങ്ങളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ശക്തിയായി.പുണ്യദിനങ്ങളില്‍ ഇരുഹറമുകളില്‍ ചിലവഴിക്കാനും വിശുദ്ധ ഉംറ ചെയ്യാനുമുള്ള ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ വരവ് തുടരുകയാണ്. റംസാനില്‍ വിശ്വാസികള്‍ കൂലംകുത്തിയൊഴുകുമെങ്കിലും പഴുതടച്ച സുരക്ഷയൊരുക്കാനുള്ള പദ്ധതികള്‍ അധികൃതര്‍ ഒരുക്കി കഴിഞ്ഞു.
സുരക്ഷക്കായി വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. 180,000 സുരക്ഷാ ഓഫീസര്‍മാരാണ് ഇതിനായി ഇരുഹറമുകളിലും സേവനത്തിനിറങ്ങുക. ഹജ്ജ്, ഉംറ സുരക്ഷ സേന , ഹറം കാര്യ പോലീസ്, മക്ക പോലീസ്, ഇരുഹറം സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിലായാണ് ഇത്രയും സേനാ അംഗങ്ങളെ രംഗത്തിറക്കുന്നത്. ഹറം പള്ളികളുടെ പ്രവേശന കവാടങ്ങളില്‍ കമ്പ്യൂട്ടര്‍ സുരക്ഷാ പരിശോധനയും ഇത്തവണ ഏര്‍പ്പാടുക്കുന്നുണ്ട്. കൂടാതെ മക്ക ഹറമില്‍ മുഴുവനായി സ്ഥാപിച്ച 750 ക്യാമറകളും സദാ സമയ നിരീക്ഷണം നടത്തും.
റംസാനില്‍ തറാവീഹ് നിസ്കാര ശേഷവും ഉച്ച നിസ്കാര ശേഷവും വെള്ളിയാഴ്ച നിസ്കാര ശേഷവും ഉണ്ടാകാവുന്ന കടുത്ത തിരക്ക് ഒഴിവാക്കാനും പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. യാചകരെയും ബൈക്കുകളില്‍ കറങ്ങുന്നവരെയും ഇവിടെ നിന്നും നീക്കും. മക്ക ഹറം പള്ളിയില്‍ ഉദ്യോഗസ്ഥതരുടെ എണ്ണം ഉയര്‍ത്തിയതായും തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചതായും വിശുദ്ധ ഗേഹ സുരക്ഷാ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ വസല്‍ അല്‍ അഹ്മദി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."