പിറവി പോലെ മറവിയിലേക്കാഴ്ന്ന് ബി.ഡി.ജെ.എസ്
നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരെ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയെന്ന വെള്ളാപ്പള്ളി നടേശന്റേയും മകന്‍ തുഷാര്‍ വെള്ളപ്പള്ളിയുടേയും സങ്കല്‍പ്പങ്ങള്‍ക്കേറ്റ തിരിച്ചടിയായി വേണം 2016ലെ പൊതു തെരഞ്ഞെടുപ്പിനെ നോക്കികാണേണ്ടത്. വലിയതോതിലുള്ള സാമുദായിക ധ്രുവീകരണം കേരളത്തില്‍ നടപ്പിലാക്കുകയെന്ന പ്രതീക്ഷയാണ് ഇവിടെ തകര്‍ക്കപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ വലിയതോതിലുള്ള സ്വാധീനത ചെലുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച് രൂപീകരിച്ച ബി.ഡി.ജെ.എസിന് പിറവി പോലെതന്നെ ഒരു സ്വാധീനതയും പ്രകടമാക്കാനാവാത്ത തിരിച്ചടിയാണ് ഉണ്ടായത്. ഹൈന്ദവ സമുദായത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നുവെന്ന ഊതിപ്പെരുപ്പിച്ചെടുത്ത ഒരു വേദിയിലാണ് ബി.ഡി.ജെ.എസിന്റെ പിറവി.
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ ഭരിക്കുന്നതാണ് ജനാധിപത്യമെന്ന അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ വാക്കുകള്‍ അന്വര്‍ഥമാക്കുന്ന വാക്കുകള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ യഥാവിധി നടപ്പാക്കപ്പെടുന്ന ഇന്ത്യയില്‍ അടുത്ത കാലത്തായി വര്‍ഗീയ ധ്രുവീകരണത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിനുള്ള അവകാശവും അധികാരവും ജനങ്ങള്‍ക്കാണ്. വിവേകത്തിനും മനസാക്ഷിക്കുമൊപ്പിച്ച് രാജ്യസേവനമാണ് തെരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ ചുമതല. അതുകൊണ്ടുതന്നെ ആറ് പതിറ്റാണ്ടു പിന്നിട്ട ജനാധിപത്യ കേരളത്തിന്റെ കടന്നുപോയ വഴികളെല്ലാം സംഭവബഹുലമായിരുന്നു. എന്നാല്‍, ഇത്തവണ ആ വ്യതിരിക്തമായ വഴികളില്‍ വലിയതോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കിയെന്നതാണ് ഞെട്ടിക്കുന്ന അവസ്ഥ.
തിരക്കിട്ട് രൂപീകരിച്ച ബി.ഡി.ജെ.എസ് അതേവഗതയില്‍ ബി.ജെ.പിയോടു കൂട്ടുചേര്‍ന്ന് പുതിയൊരു രാഷ്ട്രീയ ചരിത്രം കുറിക്കാനാണ് ശ്രമിച്ചിരുന്നത്. ഇത് മുന്‍കാലത്ത് ഇതേരീതിയില്‍ രൂപീകരിച്ച എസ്.ആര്‍.പിയെന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു സംഭവിച്ച ദുരന്തത്തിനായിരിക്കും വഴിവയ്ക്കുകയെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പോലും വ്യക്തമാക്കിയതായിരുന്നു. അതുതന്നെയാണ് ബി.ഡി.ജെ.എസിനും സംഭവിക്കുകയെന്ന് വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വലിയതോതിലുള്ള ചലനം സൃഷ്ടിക്കുകയെന്നതായിരുന്നു ബി.ഡി.ജെ.എസിന്റെ പ്രതീക്ഷ. ഇതുവഴി തങ്ങളുടെ ശക്തി കേരളത്തില്‍ അതിശക്തമാണെന്ന് തെളിയിക്കുകയും ശ്രീനാരായണീയരെ ഒരു തരത്തിലും അവഗണിക്കാന്‍ കഴിയില്ലെന്നുമുള്ളതായിരുന്നു സങ്കല്‍പം. എന്നാല്‍, ബി.ജെ.പി സ്വാഭാവികമായി പിടിക്കുന്ന വോട്ടുകളില്‍ വലിയൊരു അന്തരം സൃഷ്ടിക്കാന്‍ ബി.ഡി.ജെ.എസിന്റെ സ്വാധീനംകൊണ്ട് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. നേമം മണ്ഡലത്തില്‍ ഒ. രാജഗോപാലിന്റെ വിജയം ബി.ഡി.ജെ.എസിന്റെ സ്വാധീനം കൊണ്ടെന്ന് തീര്‍ത്തു പറയാനാകില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതേസമയം, ബി.ജെ.പിയുടെ പ്രമുഖര്‍ മത്സരിക്കുകയും അവിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് മോദി പ്രഭാവവും കേന്ദ്ര സര്‍ക്കാറിന്റെ അതിരറ്റ പ്രോത്സാഹനവുമാണെന്നതും നോക്കികാണേണ്ടതുണ്ട്. ആലപ്പുഴ ജില്ലയില്‍ ബി.ഡി.ജെ.എസ് ശക്തരാണെന്ന പ്രഖ്യാപനം തന്നെ പൊള്ളയായതാണെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നണി നേടിയ വോട്ടുകള്‍ വ്യക്തമാക്കുന്നത്. എസ്.എന്‍.ഡി.പിക്ക് ശക്തമായ വേരോട്ടമുള്ളതുകൊണ്ട് അതുവഴി ബി.ഡി.ജെ.എസ് അതിശക്തമായ മുന്നേറ്റം ഈ മണ്ഡലത്തില്‍ നടത്തുമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നതെങ്കില്‍ ചെങ്ങന്നൂരും ചേര്‍ത്തലയും ഒഴികെയുള്ള മറ്റു മണ്ഡലങ്ങളില്‍ വളരെക്കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് ബി.ഡി.ജെ.എസ്-ബി.ജെ.പി സഖ്യം നേടിയത്. കേരളം ഇപ്പോഴും ഒരു തരത്തിലുള്ള വര്‍ഗീയ ധ്രുവീകരണത്തിനും തയ്യാറല്ലെന്ന് വ്യക്തമായ ഗുണപാഠമാണ് നല്‍കുന്നതെന്ന് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."