എ.ടി.എമ്മില്‍ നിന്ന് പണം ലഭിച്ചില്ല; യുവാവ് ദേഷ്യം തീര്‍ത്തത് വൃദ്ധയോട്
ആലുവ: എ.ടി.എംമ്മില്‍ കയറി ഇറങ്ങി മടുത്ത യുവാവ് പണം ലഭിക്കാത്തതിന്റെ ദേഷ്യം തീര്‍ത്തത് വൃദ്ധയോട്. ആലുവ പമ്പ് കവലയില്‍ ഉള്ള ആക്‌സിസ് ബാങ്ക് എ.ടി.എമ്മില്‍ നിന്നും പണമെടുക്കാന്‍ വന്ന യുവാവാണ് പമ്പിലെ 72 കാരിയായ ജീവനക്കാരിയെ മര്‍ദിച്ചത്.
ആലുവ കീഴ്മാട് മാളിയേക്കല്‍ വീട്ടില്‍ എല്‍സിക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പണമെടുക്കാനായി എത്തിയ യുവാവിനോട് പരിസരം വൃത്തിയാക്കുന്നതിനായി ടൂ വീലര്‍ മാറ്റി വെക്കാന്‍ പമ്പിലെ ജീവനക്കാരി ആ വശ്യപ്പെട്ടു. എന്നാല്‍ യുവാവ് വാഹനം മാറ്റി വക്കാന്‍ തയ്യാറാകാതെ തട്ടി കയറുകയായിരുന്നുവെന്ന് എല്‍സി പറഞ്ഞു. പണത്തിനായി എ.ടി.എമ്മുകളില്‍ കയറി ഇറങ്ങി ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നാരോപിച്ചായിരുന്നു അസഭ്യം പറയാനാരംഭിച്ചത്. അനാവശ്യം പറയരുതെന്നും അമ്മയുടെ പ്രായമുണ്ടെന്നും പറഞ്ഞെങ്കിലും പലവട്ടം മുഖത്തിനടിക്കുകയായിരുന്നു.
മുഖത്തിന് നീരു വന്ന് വീര്‍ത്തതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പമ്പിന് സമീപം നടന്ന സംഭവം അവ്യക്തമായാണെങ്കിലും സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ അക്രമിച്ചയാളുടെ മുഖം വ്യക്തമല്ല. പൊലിസ് കേസെടുത്ത് അനേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."