സാര്‍ക്കോസിക്ക് ഗദ്ദാഫിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൈമാറിയത് താനെന്ന് വ്യവസായി
പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സാര്‍ക്കോസിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ പണം ഉപയോഗിച്ചെന്നു വെളിപ്പെടുത്തല്‍. ഫ്രഞ്ച്-ലബനീസ് വ്യവസായിയായ സിയാദ് തഖ്യുദ്ദീന്‍ ആണു ഫ്രഞ്ച് വാര്‍ത്താ സൈറ്റിനോട് ഇക്കാര്യം പറഞ്ഞത്.
2006 നും 2007നും ഇടയില്‍ ഗദ്ദാഫിയില്‍ നിന്നു താന്‍ പണം വാങ്ങി ഫ്രാന്സിലെത്തിച്ചിരുന്നുവെന്നാണ് തഖിയുദ്ദീന് പറയുന്നത്. പണം നിറച്ച മൂന്ന് സ്യൂട്ട്കേസുകളാണു ഫ്രാന്‍സിലേക്കു കൊണ്ടുവന്നത്. ഇതിനായി മൂന്നു തവണ ട്രിപ്പോളിയില്‍ നിന്നു പാരിസിലേക്കു യാത്രനടത്തിയെന്നും തഖ്യുദ്ദീന്‍ പറഞ്ഞു. ഇപ്പോഴത്തെ വിനിമയ മൂല്യം അനുസരിച്ച് അഞ്ച് കോടി യൂറോയാണ് (5.4 കോടി ഡോളര്‍) ഗദ്ദാഫി സാര്‍ക്കോസിക്ക് നല്‍കിയത്.
ഫ്രാന്‍സിലെ അന്വേഷണാത്മക വൈബ്സൈറ്റായ മീഡിയാ പാര്‍ട് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഓരോ സ്യൂട്ട്കേസിലും 15 മുതല്‍ 20 ലക്ഷം യൂറോ നോട്ടുകളുണ്ടായിരുന്നു. 200,500 യൂറോകളുടെ കെട്ടുകളായാണു പണം കടത്തിയത്. ഗദ്ദാഫിയുടെ സൈനിക ഇന്റലിജന്‍സ് മേധാവി അബ്ദുല്ലാ സെനുസിയാണു പണം കൈമാറിയതെന്ന് വിഡിയോ അഭിമുഖത്തില്‍ തഖ്യുദ്ദീന്‍ പറഞ്ഞു.
അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന സാര്‍കോസിക്ക് വെളിപ്പെടുത്തല്‍ തിരിച്ചടിയാണ്. 2011 മാര്‍ച്ചിലാണ് സാര്‍ക്കോസിയെ ഗദ്ദാഫി സഹായിച്ചെന്ന ആരോപണം പുറത്തുവരുന്നത്. 2012 ലെ തെരഞ്ഞെടുപ്പിനിടെ സാര്‍ക്കോസി ആരോപണം നിഷേധിച്ചിരുന്നു.
ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ ഗദ്ദാഫി മുടക്കിയ പണം സാര്‍ക്കോസി തിരിച്ചേല്‍പ്പിക്കണമെന്നു ഗദ്ദാഫിയുടെ മതന് സെയ്ഫ് അല്‍ ഇസ്ലാം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെയ്ഫ് ഇപ്പോള്‍ ലിബിയന്‍ ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."