HOME
DETAILS

ഈ തരംഗമേത്, ഇടതോ ബി.ജെ.പി വിരുദ്ധമോ

  
backup
May 19 2016 | 17:05 PM

%e0%b4%88-%e0%b4%a4%e0%b4%b0%e0%b4%82%e0%b4%97%e0%b4%ae%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8b-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf

പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇന്നലെ ഉപയോഗിച്ച പ്രധാനവാക്ക് 'ഇടതുതരംഗം' എന്നാണ്. ഇന്നു പുറത്തിറങ്ങുന്ന പത്രങ്ങളില്‍ മിക്കതിലും പ്രധാനതലക്കെട്ട് ഇതാവാനാണു സാധ്യത. വാര്‍ത്തയുടെ ഉള്ളടക്കവും 'യു.ഡി.എഫിന്റെ ജനവിരുദ്ധഭരണത്തിനു മറുപടി നല്‍കി കേരളജനത ഇടതുപക്ഷത്തെ അധികാരത്തിലേറ്റി'യെന്ന അര്‍ഥത്തില്‍ത്തന്നെയാകും. ഇടതുമുന്നണി നേതാക്കള്‍ തീര്‍ച്ചയായും തങ്ങള്‍ക്ക് അനുകൂലമായ തരംഗമാണെന്നമട്ടില്‍ പ്രതികരിച്ചുകഴിഞ്ഞു.


ഇവിടെയാണ് ഒരു ചോദ്യമുന്നയിക്കാന്‍ തോന്നുന്നത്. കേരളത്തില്‍ ഉണ്ടായത് ഇടതുതരംഗംതന്നെയോ 140 ല്‍ 91 സീറ്റും നേടിയ അവസ്ഥയില്‍ പിന്നെന്തു പറയണമെന്ന മറുചോദ്യമുയരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ ചോദ്യമുന്നയിച്ചിരിക്കുന്നത്. ശരിയാണ്, എല്‍.ഡി.എഫ് നേതാക്കന്മാര്‍ പോലും പ്രതീക്ഷിക്കാത്തത്ര സീറ്റാണ് ഇത്തവണ അവര്‍ക്കു കിട്ടിയിരിക്കുന്നത്. ഇത്തവണ അടിപതറുമോയെന്ന ഭീതി അവസാന നിമിഷംവരെ അവര്‍ക്കുണ്ടായിരുന്നു. ആ ആശങ്ക അടിസ്ഥാനരഹിതവുമായിരുന്നില്ല. സോളാറും ബാര്‍ക്കോഴയും മുതല്‍ മെത്രാന്‍കായല്‍ ഭൂമിദാനവും സന്തോഷ്മാധവനു ഭൂമികൊടുക്കലുംവരെ ഒട്ടേറെ അഴിമതിയാരോപണങ്ങള്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്നിട്ടും അതൊന്നും ശക്തമായ പ്രചരണായുധമാക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല. അഴിമതിയാരോപണങ്ങളെ വികസനത്തിന്റെ നീണ്ടപട്ടികയുമായി ഉമ്മന്‍ചാണ്ടി നേരിട്ടു. മാത്രമല്ല, പ്രതിപക്ഷം കൊണ്ടുവന്ന പല ആരോപണങ്ങളെയും അവര്‍ക്കെതിരേയുള്ള ആയുധമാക്കി ഫലപ്രദമായ ഉപയോഗിക്കാനും ഉമ്മന്‍ചാണ്ടി വിരുതുകാട്ടി.


ഉദാഹരണത്തിന്, സരിതയുയര്‍ത്തിയ ഗുരുതരമായ ആരോപണം പ്രതിപക്ഷം ഏറ്റുപിടിച്ചുതുടങ്ങിയപ്പോള്‍ 'വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു സ്ത്രീയുമായി കൂട്ടുചേര്‍ന്നു പ്രതിപക്ഷം സര്‍ക്കാരിനെതിരേ വിലകുറഞ്ഞ കള്ളക്കഥകള്‍ മെനയുകയാണെന്ന' ആരോപണവുമായി ഉമ്മന്‍ചാണ്ടിയെത്തി. അതോടെ പ്രതിപക്ഷത്തിനു പ്രചരണായുധത്തില്‍നിന്നു സരിതക്കഥകള്‍ ഉപേക്ഷിക്കേണ്ടിവന്നു. പെരുമ്പാവൂര്‍ ജിഷ കൊലക്കേസിനു തുമ്പുണ്ടാക്കാന്‍ കഴിയാത്ത സര്‍ക്കാരിനെതിരേ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവന്നപ്പോള്‍, സ്ഥലം എം.എല്‍.എയ്‌ക്കെതിരേ ജിഷയുടെ അമ്മ വി.എസിനോടു പറഞ്ഞ പരാതി മുഖ്യമന്ത്രി പിടിവള്ളിയാക്കി. സാജുപോളിന്റെ പരാജയത്തിലാണ് അത് അവസാനിച്ചത്.
തെരഞ്ഞെടുപ്പു പ്രചാരണം മുറികിയഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി സരിത സോളാര്‍ കമ്മിഷനു മുന്നിലെത്തുന്നത്. അത് ആയുധമാക്കാന്‍ പ്രതിപക്ഷം കോപ്പുകൂട്ടുന്നതിനിടയിലാണ് ഉമ്മന്‍ചാണ്ടിക്കു പിടിച്ചുകയറാന്‍ വൈക്കോല്‍തുരുമ്പുമായി മോദിയുടെ സോമാലിയാപ്രയോഗം എത്തുന്നത്. പ്രചാരണത്തിന്റെ പതിനൊന്നാംമണിക്കൂറില്‍ വീണുകിട്ടിയ ആ കച്ചിത്തുരുമ്പില്‍ മുഖ്യമന്ത്രി ചാടിപ്പിടിച്ചു. അതോടെ മറ്റെല്ലാംമറന്ന് ആ വാക്കിനു പിന്നാലെ കുതിക്കാന്‍ പിണറായി, കോടിയേരി, വി.എസ് തുടങ്ങിയ ഇടതുനേതാക്കള്‍ നിര്‍ബന്ധിതരായി.


ഇങ്ങനെ പ്രചരണരംഗത്ത് മേല്‍ക്കൈ നേടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രതിപക്ഷം. എന്‍.ഡി.എ പ്രചാരണരംഗത്തു ശക്തമായ സാന്നിധ്യമാകുകയും അവര്‍ പിടിക്കുന്ന വോട്ടുകളില്‍ ഭൂരിഭാഗവും ഇടതുതട്ടകത്തുനിന്നാകുമെന്ന ആശങ്ക നിറഞ്ഞുനില്‍ക്കുകയും ചെയ്ത സാഹചര്യം കൂടിയുണ്ടായിരുന്നു. അത്തരമൊരു പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലൊരു ഭരണത്തുടര്‍ച്ചയുണ്ടാകുമോയെന്ന ചോദ്യം നിഷ്പക്ഷമതികളായ പലരും ചോദിച്ചുപോയിട്ടുണ്ട്. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അതില്‍ അത്ഭുതത്തിനും അവകാശമുണ്ടായിരുന്നില്ല.
എന്നിട്ടും, എന്തുകൊണ്ട് എല്‍.ഡി.എഫിന് ഇത്രയും ഗംഭീരമായൊരു വിജയം നേടിയെടുക്കാനായി. അതു സംബന്ധിച്ച നിഷ്പക്ഷമായ വിശകലനവും വിശദീകരണവുമാണ് ഇനിയുള്ള വരികള്‍. എല്‍.ഡി.എഫിന്റെ വിജയത്തിനുള്ള പ്രധാനകാരണങ്ങള്‍ രണ്ടാണ്. ഒന്ന്, അപക്വമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്ത കോണ്‍ഗ്രസിന്റെ പിഴവുകള്‍. രണ്ട്, മതേതര, ന്യൂനപക്ഷവിഭാഗങ്ങളിലുണ്ടായ ബി.ജെ.പി പേടി. കാര്യം വ്യക്തമാകാന്‍ രണ്ടും വിശദീകരിക്കേണ്ടതുണ്ട്.


കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സര്‍ക്കാരിനെതിരേ പ്രതിപക്ഷം നടത്തിയ സമരങ്ങളൊന്നും ശരിയായ ഫലം കണ്ടിരുന്നില്ല. ആ ആരോപണം സി.പി.ഐ തന്നെ ഉയര്‍ത്തിയതിനാല്‍ കൂടുതല്‍ വിശദീകരണം വേണ്ടതില്ല. പ്രതിപക്ഷം പരമാവധി തെളിവുകളുമായി എന്ത് ആരോപണം കൊണ്ടുവന്നാലും അതു വിശ്വസനീയമല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള മിടുക്ക് സര്‍ക്കാരിനുണ്ടായിരുന്നു. അത് അവര്‍ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തു. (മുഖ്യമന്ത്രി സരിതയെ പീഡിപ്പിച്ചതിനു തെളിവുണ്ടെന്നു പറഞ്ഞ് ബിജുരാധാകൃഷ്ണന്‍ നടത്തിയ സി.ഡി തേടിയുള്ള യാത്രയുടെ അന്ത്യവും അത് മുഖ്യമന്ത്രി പ്രതിപക്ഷത്തെ തിരിച്ചടിക്കാനുള്ള വടിയാക്കിയതും ഓര്‍ക്കുക) എന്നാല്‍, ഇതിനിടയില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും മറ്റും സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. അടച്ച ബാറുകള്‍ തുറക്കരുതെന്ന സുധീരന്റെ പിടിവാശി മുതല്‍ അതു തുടങ്ങുന്നു. അവസാനഘട്ടത്തില്‍ മെത്രാന്‍ കായല്‍ ഭൂമിദാനം മുതല്‍ സന്തോഷ്മാധവനു ഭൂമിനല്‍കിയതുവരെയുള്ള പ്രശ്‌നങ്ങളില്‍ സുധീരന്‍ ശക്തമായി ഇടപെട്ടു. ഇതിനെ തുടര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ ഒന്നൊന്നായി മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സര്‍ക്കാര്‍ തുടരെത്തുടരെ തെറ്റുകള്‍ വരുത്തുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് ഇടപെട്ടില്ലായിരുന്നെങ്കില്‍ വന്‍ കൊള്ളയാകുമായിരുന്നെന്നുമുള്ള തോന്നല്‍ ജനങ്ങളിലുണ്ടാക്കാന്‍ ഇതു വഴിവച്ചു.

തെരഞ്ഞെടുപ്പു ചൂട് ആരംഭിച്ച ഘട്ടത്തില്‍ ഇത് സര്‍ക്കാരിനു വലിയ തിരിച്ചടിയായി.
എങ്കിലും സര്‍ക്കാരിന്റെ തെറ്റുതിരുത്തുന്നതു പ്രതിപക്ഷമല്ലല്ലോ കോണ്‍ഗ്രസാണല്ലോ എന്ന തോന്നല്‍ ജനത്തിനുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയും ചേര്‍ന്ന നേതൃത്വമാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുകയെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന അവരില്‍ കൗതുക വളര്‍ത്തുകയും ചെയ്തു. പുതുജീവന്‍ കൈവരിച്ച കോണ്‍ഗ്രസും യു.ഡി.എഫും ഭരണം തുടരുര്‍ന്നേയ്ക്കുമെന്ന തോന്നലും ഉളവാക്കി.
ഇതിനിടയിലാണ് ആരോപണവിധേയര്‍ മാറിനില്‍ക്കണമെന്ന സുധീരന്റെ അഭിപ്രായപ്രകടനമുണ്ടാകുന്നത്. അതോടെ കോണ്‍ഗ്രസിലെ ഐക്യം തകര്‍ന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ പേരില്‍ കേരളത്തിലും ഡല്‍ഹിയിലും ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടമുണ്ടായി. ഒടുവില്‍, ഉമ്മന്‍ചാണ്ടിയുടെ നിലപാടിനു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങുന്നതും സുധീരന്‍ ആരോപണവിധേയരെന്ന് ആരോപിക്കപ്പെട്ടവരില്‍ മിക്കവരും സ്ഥാനാര്‍ഥികളാകുന്നതുമാണു കണ്ടത്. അതോടെ, ആടിയുലയല്‍ ശക്തമായി.
ഇവിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനു തെറ്റുപറ്റിയത്. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍വച്ച് അപ്രിയസത്യങ്ങള്‍ പരസ്യമായി പറയരുതായിരുന്നു. പറഞ്ഞുപോയാല്‍, തിരുത്തല്‍ നടപ്പാക്കണമായിരുന്നു. അപ്പോഴേ പ്രതിച്ഛായ വീണ്ടെടുത്തുവെന്ന തോന്നല്‍ ജനങ്ങളില്‍ ഉളവാക്കാന്‍ കഴിയുമായിരുന്നുള്ളു. രണ്ടും സംഭവിച്ചില്ല. മൂലയിലിരുന്ന മഴു കാലിലിട്ടതുപോലെയായി. തല്ലാനുള്ള വടി ശത്രുവിന്റെ കൈയില്‍ കൊടുക്കുന്നതിനു തുല്യമായി.


ഈ ഘട്ടത്തിലും നേരിയ ഭൂരിപക്ഷമേ ഇടതുപക്ഷത്തിനു ലഭിക്കുമായിരുന്നുള്ളു. 71 മുതല്‍ 75 വരെ സീറ്റുകള്‍. അത് 91 ആക്കിത്തീര്‍ത്തത് ബി.ജെ.പിയാണ്. പ്രധാനമന്ത്രി മുതല്‍ സകലകേന്ദ്രമന്ത്രിമാരും കേരളത്തില്‍ തമ്പടിച്ചു പ്രചാരണം നടത്തുകയും പ്രചാരണധാരാളിത്തത്തില്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ബി.ജെ.പി ബഹുദൂരം പിന്നിലാക്കുകയും ചെയ്തപ്പോള്‍ ഞെട്ടിയതു കേരളത്തിലെ മതേതരമനസ്സുകളും ന്യൂനപക്ഷ മനസ്സുകളുമാണ്. ഒന്നുമില്ലായ്മയില്‍നിന്നു കേന്ദ്രത്തില്‍ അധികാരത്തിലേറിയ ബി.ജെ.പി കേരളത്തിലും കടന്നുകയറുമോയെന്ന ചിന്ത അവര്‍ക്കിടയിലുണ്ടായി. ഉത്തരേന്ത്യയില്‍ അടുത്തകാലത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ പലതും അവരുടെ മനസ്സില്‍ തിങ്ങിനിറഞ്ഞു.


ഈ ഘട്ടത്തിലാണ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊരു നാക്കുപിഴ സംഭവിക്കുന്നത്. കുട്ടനാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടയില്‍ അദ്ദേഹം ആവേശത്തില്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു, 'ഇത്തവണ കേരളത്തില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ്.' ആ പ്രസ്താവനയുടെ അപകടം മനസ്സിലാക്കി എ.കെ. ആന്റണിയും വി.എം സുധീരനും'ഇത്തവണ കേരളത്തില്‍ മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്' എന്നു തിരുത്തിയെന്നതു സത്യം. പിന്നീടു, മുഖ്യമന്ത്രി തന്നെ ആ പ്രസ്താവന മാറ്റിപ്പറഞ്ഞുവെന്നതും സത്യം. എന്നാലും, മതേതര,ന്യൂനപക്ഷ മനസ്സുകളിലെ ബി.ജെ.പി പേടി മാറ്റാന്‍ അവയ്‌ക്കൊന്നുമായില്ല.
ഇതിന്റെ ഫലമായി നിശ്ചിതശതമാനം മുസ്‌ലിംവോട്ടുകള്‍ ലീഗ് ശക്തമായിടത്ത് അവര്‍ക്കും അല്ലാത്തിടത്ത് ഇടതുപക്ഷത്തിനും അനുകൂലമായി ഒഴുകി. നിശ്ചിതശതമാനം ക്രിസ്ത്യന്‍ വോട്ടുകള്‍ കേരളകോണ്‍ഗ്രസ് ശക്തമായിടത്ത് അവര്‍ക്കും അല്ലാത്തിടത്ത് എല്‍.ഡി.എഫിനും അനുകൂലമായി മാറി. ഇതാണ്, എല്‍.ഡി.എഫിനു ലഭിച്ച മാജിക് നമ്പറായ 91 ന്റെ രഹസ്യം. കോണ്‍ഗ്രസ് തറപറ്റിയിട്ടും കേരളകോണ്‍ഗ്രസിനും മുസ്‌ലിംലീഗിനും കാര്യമായ പരിക്കുപറ്റിയില്ലെന്ന കാര്യം ഓര്‍ക്കുക. തരംഗങ്ങളെക്കുറിച്ച് അഭിമാനിക്കുമ്പോള്‍ അതിനുപിന്നില്‍ ഇത്തരം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എല്‍.ഡി.എഫ് നേതാക്കള്‍ മറക്കരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago