അര്‍ജന്റീന വിജയവഴിയില്‍; അപരാജിതം ബ്രസീല്‍
മോണ്ടെ വീഡിയോ: ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിനു വഴിയൊരുക്കിയും നായകനായി മുന്നില്‍ നിന്ന ലയണല്‍ മെസ്സിയുടെ കരുത്തില്‍ അര്‍ജന്റീന വിജയ വഴിയില്‍ തിരിച്ചെത്തി. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അവര്‍ കൊളംബിയയെ വീഴ്ത്തി. മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ തുടര്‍ച്ചയായ ആറാം വിജയം നേടി മുന്നേറ്റം തുടര്‍ന്നു. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പെറുവിനെയാണ് ബ്രസീല്‍ കീഴടക്കിയത്. ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ തുടര്‍ പരാജയങ്ങളുമായി നട്ടംതിരിഞ്ഞ അര്‍ജന്റീനയ്ക്ക് ഈ വിജയത്തോടെ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തേക്കുയരാനും പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്താനും സാധിച്ചു. മറ്റു മത്സരങ്ങളില്‍ ഉറുഗ്വെയെ കോപ്പ ചാംപ്യന്മാരായ ചിലി 3-1നും ഇക്വഡോര്‍ 3-0ത്തിനു വെനസ്വലയേയും ബൊളീവിയ 1-0ത്തിനു പരാഗ്വയേയും പരാജയപ്പെടുത്തി.
വിജയം അനിവാര്യമായ മത്സരത്തില്‍ മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയ നായകന് ലയണല്‍ മെസ്സിയുടെ കരുത്തിലാണ് അര്‍ജന്റീന ജയിച്ചു കയറിയത്.
നാലു മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീന ഈ മത്സരത്തിലും പരാജയപ്പെട്ടിരുന്നെങ്കില്‍ ലോകകപ്പ് യോഗ്യത പോലും ചോദ്യ ചിഹ്നത്തില്‍ ആകുമെന്ന ഘട്ടത്തിലായിരുന്നു. പത്താം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക് ഇടം കാലനടിയിലൂടെ വലയിലാക്കി മെസ്സി അര്‍ജന്റീനയെ മുന്നില്‍ കടത്തി. 23ാം മിനുട്ടില്‍ മെസ്സി നീട്ടി കൊടുത്ത പാസില്‍ നിന്നു ലൂക്കാസ് പ്രാറ്റോ ലീഡുയര്‍ത്തി. 83ാം മിനുട്ടില്‍ മെസ്സി പോസ്റ്റിനു സമീപത്തു നിന്നു നല്കിയ പാസ് വലയിലാക്കി എയ്ഞ്ചല്‍ ഡി മരിയ പട്ടിക പൂര്‍ത്തിയാക്കി.
അപരാജിതരായി ആറാം മത്സരവും വിജയിച്ച് ബ്രസീല്‍ മുന്നേറ്റം തുടരുന്നു. കഴിഞ്ഞ മത്സരത്തില്‍ ബദ്ധവൈരികളായ അര്‍ജന്റീനയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ സെലക്കാവോകള്‍ 2-0ത്തിനു പെറുവിനെ വീഴ്ത്തുകയായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 58ാം മിനുട്ടില്‍ പുതിയ താരോദയം ഗബ്രിയേല്‍ ജീസസും 78ാം മിനുട്ടില്‍ റെനാറ്റോ അഗുസ്റ്റോയും പട്ടിക പൂര്‍ത്തിയാക്കി. ആറു മത്സരങ്ങളില്‍ നിന്നു ജീസസ് നേടുന്ന അഞ്ചാം ഗോളാണിത്.
17ാം മിനുട്ടില്‍ എഡിന്‍സന്‍ കവാനിയുടെ ഗോളില്‍ മുന്നിലെത്തിയ ഉറുഗ്വെയെ അലക്സിസ് സാഞ്ചസ് നേടിയ ഇരട്ട ഗോളിലാണ് ചിലി വീഴ്ത്തിയത്. ശേഷിച്ച ഗോള്‍ വര്‍ഗാസ് നേടി.
ജയത്തോടെ 27 പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. പരാജയപ്പെട്ടെങ്കിലും 23 പോയിന്റുമായി ഉറുഗ്വെ രണ്ടാം സ്ഥാനത്ത്. 20 പോയിന്റുമായി ഇക്വഡോറും അത്രതന്നെ പോയിന്റുമായി ചിലിയും മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചു ടീമുകള്‍ക്കാണ് ലാറ്റിനമേരിക്കയില്‍ നിന്നു ലോകകപ്പ് യോഗ്യത. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് നേരിട്ടും അഞ്ചാമതുള്ള ടീമിനു പ്ലേയോഫിലൂടെയും യോഗ്യത നേടാം. നിലവില്‍ അര്‍ജന്റീനയാണ് 19 പോയിന്റുമായി പ്ലേയോഫ് ഘട്ടത്തിലുള്ളത്. തൊട്ടു പിന്നില്‍ ഒരു പോയിന്റ് വ്യത്യാസവുമായി കൊളംബിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."