ജലനിധിയിലെ ക്രമക്കേട്: രണ്ടാം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
മലപ്പുറം: ജലനിധി മലപ്പുറം റീജ്യണല്‍ ഓഫിസിലെ ക്രമക്കേടില്‍ രണ്ടാം പ്രതിയായ ദീപയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. അന്വേഷണ ചുമതല വഹിക്കുന്ന മലപ്പുറം സി.ഐ എ. പ്രേംജിത്താണ് ചോദ്യംചെയ്യുന്നതിനായി പ്രതിയെ രണ്ടു ദിവസത്തേയ്ക്കു കസറ്റഡിയില്‍ വാങ്ങിയത്. ആറു കോടിയിലധികം രൂപയുടെ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതിയും ജലനിധി ഓഫിസിലെ കരാര്‍ ജീവനക്കാരനുമായ പ്രവീണ്‍കുമാറിന്റെ ഭാര്യയാണ് ദീപ.
ഇവരെ കഴിഞ്ഞയാഴ്ച നീലേശ്വരത്തുവച്ചാണ് പൊലിസ് പിടികൂടിയത്. തുടര്‍ന്നു പ്രതി റിമാന്‍ഡിലായിരുന്നു. കേസിലെ മുഖ്യപ്രതിയെ സംബന്ധിച്ചു സൂചനകളൊന്നും ലഭിക്കാത്ത പശ്ചാതലത്തിലാണ് അന്വേഷണത്തിന്റെ ഭാഗമായി രണ്ടാം പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. അതേസമയം, തട്ടിപ്പു സംബന്ധിച്ചു കൂടുതല്‍ അന്വേഷിക്കാന്‍ ജലനിധിയുടെ തിരുവനന്തപുരത്തുള്ള സാമ്പത്തിക വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ജില്ലയിലെത്തിയിരുന്നു. രണ്ടു ദിവസം തട്ടിപ്പു സംബന്ധിച്ച മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷമാണ് സംഘം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."