എരുമേലിയില്‍ നിര്‍മിക്കുന്നത് നെടുമ്പാശ്ശേരി മോഡല്‍ വിമാനത്താവളം
കോട്ടയം: കോട്ടയം ജില്ലയിലെ പ്രധാന നഗരമായി മാറാനുള്ള തയാറെടുപ്പിലാണ് എരുമേലി. വിമാനത്താവളം,ഹെലിപാഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ എരുമേലിയുടെ മുഖച്ഛായമാറും. വിമാനത്താവളം വരുത്തതോടെ റാന്നി, പത്തനംതിട്ട, ഇടുക്കി,കോട്ടയം എന്നിവടങ്ങളിലേക്കു പോകുവാന്‍ വിദേശത്തുനിന്നും മറ്റും എത്തുന്നവര്‍ക്ക് എളുപ്പം കഴിയുമെന്നതും പ്രത്യേകതയാണ്. മാത്രമല്ല കേരളത്തിനു പുറത്തുനിന്നും വരുന്ന ശബരിമല തീര്‍ഥാടകര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാകും.
ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളം നിര്‍മിച്ചുകൊണ്ടിരിക്കുന്ന കമ്പനിക്കു തന്നെയാണ് എരുമേലി വിമാനത്താവളത്തിന്റെയും നിര്‍മാണച്ചുമതലയെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റിലാണു വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി എസ്റ്റേറ്റിന്റെ 2500 ഏക്കര്‍ സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചില വിദേശ മലയാളികളുമായി നടത്തിയ ചര്‍ച്ചയില്‍ 2500 കോടി രൂപ പുതിയ വിമാനത്താവള നിര്‍മാണത്തിനായി മുടക്കാന്‍ തയാറായെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നെടുമ്പാശേരി എയര്‍പോര്‍ട്ട് മാതൃകയിലാകും ഇവിടെ വിമാനത്താവളം നിര്‍മിക്കുകയെന്നു പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും.യാതൊരു പാരിസ്ഥിതിക പ്രശ്‌നവും ഇല്ലാതെ എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാനാകുമെന്നാണു വിലയിരുത്തല്‍. പമ്പയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണു വിമാനത്താവളം നിര്‍മിക്കുന്നത്. കോട്ടയം ടൗണില്‍ നിന്നും 36 കിലോ മീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാല്‍ എയര്‍പോര്‍ട്ടിലെത്താം. അതുപോലെ 25 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ പത്തനംതിട്ടയിലെത്താം. മധ്യകേരളത്തില്‍ കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്ന പത്തനംതിട്ടക്കാര്‍ക്കും എരുമേലി വിമാനത്താവളം ഏറെ ഉപകാരപ്രദമാകുമെന്നും പി.സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.ആറന്മുള വിമാനത്താവളം സ്വപ്നം കണ്ടു നടക്കുന്ന ചിലര്‍ ഈ പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ നടക്കുന്നുണ്ടെന്നും എം.എല്‍.എ ആരോപിച്ചു. ഇത്തരത്തില്‍ പദ്ധതി യാഥാര്‍ഥ്യമാകാതിരിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ തനിനിറം സമൂഹത്തിന് മുന്‍പില്‍ തുറന്നു കാണിക്കുമെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി.
ഹെലിപാഡ് എരുമേലിയുടെ മറ്റൊരു വികസന പദ്ധതിയാണ്. എരുമേലി നഗരത്തിനോട് ചേര്‍ന്നുതന്നെ ഹെലിപാഡ് നിര്‍മിക്കാനും തീരുമാനമായതായി എം.എല്‍.എ അറിയിച്ചു. ഇതിനായി 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകരെ ലക്ഷ്യമാക്കിയാണ് ഇവിടെ ഹെലിപാഡ് നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."