ബോംബേറ്; സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു
തലശ്ശേരി: പിണറായി പള്ളിക്കുണ്ടത്ത് ആഹ്ലാദപ്രകടനത്തിനുനേരെയുണ്ടായ ബോംബേറില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരുക്കേറ്റു. പിണറായി ചേരിക്കലിലെ കരിന്താന്‍കണ്ടി സി.വി രവി എന്ന രവീന്ദ്രനാണു (56) മരിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ ജിതിന്‍ (20), അയല്‍വാസികളായ പ്രസൂണ്‍ (21), സായൂജ് (24), നിധീഷ് (23)എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബി.ജെ.പി-ആര്‍.എസ്.എസ് കേന്ദ്രമായ പുത്തന്‍കണ്ടത്തിന് അരകിലോമീറ്റര്‍ മാറി പള്ളിക്കുണ്ടം ബാലവാടി റോഡില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. പിണറായി വിജയന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ലോറിയില്‍ മുദ്രാവാക്യംവിളിച്ചു വരുന്നതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു.
റോഡില്‍വീണ രവീന്ദ്രന്റെ ശരീരത്തിലൂടെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെത്തിയ വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്നു സി.പി.എം ആരോപിച്ചു. തലയ്ക്കും മറ്റും ഗുരുതരമായി പരുക്കേറ്റ രവീന്ദ്രനെ ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിണറായിയിലെ പിക്കോസ് സൊസൈറ്റി ജീവനക്കാരനാണു കൊല്ലപ്പെട്ട രവീന്ദ്രന്‍. ഭാര്യ: ഗീത. മൃതദേഹം പരിയാരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്കു രണ്ടുമുതല്‍ വൈകുന്നേരം ആറുവരെ പിണറായി, വേങ്ങാട്, കോട്ടയംപൊയില്‍, ധര്‍മടം പഞ്ചായത്ത് പരിധിയില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ധര്‍മടം മണ്ഡലത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ എല്‍.ഡി.എഫ് നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."