ഇ-ടോയ്‌ലറ്റ് നിലച്ചത് ഫണ്ട് ലഭിക്കാത്തതിനാലെന്ന്
ബാലുശ്ശേരി: ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള ഇ-ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം നിലച്ചത് പരിപാലന ഫണ്ട് ലഭിക്കാത്തതിനാലെന്ന് നിര്‍മാതാക്കള്‍. 2012 ഡിസംബറിലാണ് ബാലുശ്ശേരി എം.എല്‍.എ താല്‍പര്യമെടുത്ത് എട്ട് ലക്ഷം രൂപ ചെലവില്‍ ബസ് സ്റ്റാന്‍ഡിന്റെ കാത്തിരിപ്പു കേന്ദ്രത്തിനടുത്തായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി രണ്ട് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.
കെല്‍ട്രോണ്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല നല്‍കിയിരുന്നത്. കമ്പനി അത് ഇ-ടോയ്‌ലറ്റ് നിര്‍മാതാക്കളായ ഇറാം സയിന്റിഫിക് സൊല്യൂഷന് കൈമാറുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ടോയ്‌ലറ്റുകള്‍ യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു.
എന്നാല്‍ വെള്ളം എത്തിക്കാത്തതിനാല്‍ ടോയ്‌ലറ്റ് പലപ്പോഴും അടഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. ടോയ്‌ലറ്റിന്റെ പരിപാലത്തിനായുള്ള മെയിന്റനന്‍സ് ഫീസ് നല്‍കേണ്ടത് പഞ്ചായത്താണ്.
സ്ഥാപിച്ച് ആദ്യത്തെ ആറു മാസം ടോയ്‌ലറ്റിന്റെ നിര്‍മാതാക്കള്‍ സൗജന്യമായി പരിപാലനം നടത്തുകയും അതിനു ശേഷം പ്രതിമാസം 5100 രൂപ പരിപാലന ഫീസായി പഞ്ചായത്ത് നിര്‍മാതാക്കള്‍ക്ക് നല്‍കാനാണ് വ്യവസ്ഥയെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. എന്നാല്‍ വ്യവസ്ഥ പ്രകാരം പഞ്ചായത്ത് ഫണ്ട് കൈമാറിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു.
ഈയിനത്തില്‍ വന്‍തുക പഞ്ചായത്ത് കമ്പനിക്കു നല്‍കാനുണ്ട്. ഇത് സംബന്ധിച്ച് പല തവണ സെക്രട്ടറിക്ക് രേഖാമുലം കത്ത് നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. അതെ സമയം, ടോയ്‌ലറ്റുകളുടെ പ്രവര്‍ത്തനം നിലച്ചെന്ന് വരുത്തി തല്‍സ്ഥാനത്ത് നിന്ന് പൊളിച്ചു മാറ്റാനുള്ള നീക്കം നടക്കുന്നതായും ആരോപണമുണ്ട്.
എല്ലാ പൊതുസ്ഥലങ്ങളിലും ശൗചാലയമെന്ന ആശയവുമായി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ശൗചാലയമില്ലാത്ത ബസ്‌സ്റ്റാന്‍ഡില്‍ അതിനുള്ള സൗകര്യമൊരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."