വീണ്ടും വിമാനപകടം
കെയ്‌റോ: പാരിസില്‍ നിന്ന് കെയ്‌റോയിലേക്ക് പറന്ന ഈജിപ്ഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു. എം.എസ് 804 എന്ന വിമാനം തകര്‍ന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളാന്ത് ആണ് സ്ഥിരീകരിച്ചത്. 56 യാത്രക്കാരും ഏഴ് ജീവനക്കാരും മൂന്ന് സുരക്ഷാ സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഈജിപ്ഷ്യന്‍ സമയം ഉച്ചയ്ക്ക് 2.30 നാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. ഗ്രീസിന്റെ വ്യോമമേഖല പിന്നിട്ട ഉടനെയായിരുന്നു വിമാനം കാണാതായത്.
ഗ്രീസിന്റെ റഡാറില്‍ നിന്നാണ് വിമാനം കാണാതായതെന്ന് ഗ്രീസ് പ്രതിരോധ മന്ത്രി പറഞ്ഞു. ഗ്രീക്ക് ദ്വീപായ കര്‍പാതോസിലും കടലിലും വിമാനത്തിനായി തെരച്ചില്‍ തുടരുന്നുണ്ട്. അപകടത്തിനു പിന്നിലുള്ള കാരണത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. അപകടമാണോ അട്ടിമറിയാണോ കാരണമാണെന്നാണ് അന്വേഷിക്കുന്നത്. യാത്രക്കാരില്‍ 30 പേര്‍ ഈജിപ്തുകാരും 15 പേര്‍ ഫ്രഞ്ചുകാരും രണ്ട് ഇറാഖ് പൗരന്മാരും ബ്രിട്ടന്‍, കാനഡ, സഊദി, ബെല്‍ജിയം, സുദാന്‍, ഛാദ്, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാരും ഉള്‍പ്പെടും.
അപകടത്തെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതായി ദേശീയ ദിനപത്രമായ അല്‍ ഹറം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ ഈജിപ്ത് വിമാനം റാഞ്ചി സൈപ്രസിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് റാഞ്ചി കീഴടങ്ങുകയും ബന്ദികളെ വിട്ടയക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."