കൗമാരക്കുതിപ്പ്
കണ്ണൂര്‍: പുതിയ വേഗവും ദൂരവും കുറിച്ച് ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനു കണ്ണൂര്‍ പൊലിസ് പരേഡ് ഗ്രൗണ്ടില്‍ തുടക്കം. ആദ്യ ദിനത്തില്‍ റെക്കോര്‍ഡുകളോടെ ആരംഭിച്ച മീറ്റില്‍ കൗമാര താരങ്ങള്‍ മിന്നും പ്രകടനം കാഴ്ചവച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തോടെ ആരംഭിച്ച മീറ്റില്‍ കണ്ണൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.പി ആദിത്യ ആദ്യ സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കോഴിച്ചാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടി.ആര്‍ വിഷ്ണുരാജ് സ്വര്‍ണം നേടി. രാവിലെ 10ന് മാര്‍ച്ച് പാസ്റ്റിനു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് അധ്യക്ഷനായി. തളിപ്പറമ്പ് ഡി.ഇ.ഒ ബാലചന്ദ്രന്‍ മഠത്തില്‍, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, എം.വി വനജ, സി.എം ബാലകൃഷ്ണന്‍, കെ.എം കൃഷ്ണദാസ്, പി. പി മുഹമ്മദ് അലി, എന്‍.ടി സുധീന്ദ്രന്‍, പ്രകാശ് ജോസഫ് സംസാരിച്ചു. നാളെ വൈകുന്നേരം മീറ്റ് സമാപിക്കും.
പയ്യന്നൂര്‍ ഉപജില്ല മുന്നില്‍
കണ്ണൂര്‍: ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കോഴിച്ചാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കുതിപ്പില്‍ പയ്യന്നൂര്‍ ഉപജില്ല മുന്നേറ്റം തുടങ്ങി. തുടര്‍ച്ചയായി ഓവറോള്‍ കിരീടം സ്വന്തമാക്കുന്ന പയ്യന്നൂര്‍ 30 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 65 പോയിന്റ് നേടി. 51 പോയിന്റുമായി ഇരിട്ടി ഉപജില്ല രണ്ടാം സ്ഥാനത്തും 41 പോയിന്റുമായി ഇരിക്കൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. 29 പോയിന്റോടെ കണ്ണൂര്‍ നോര്‍ത്തും 19 പോയിന്റോടെ മട്ടന്നൂരും പിന്നലുണ്ട്. ആറ് വീതം സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് പയ്യന്നൂര്‍ മുന്നിലെത്തിയത്. സ്‌കൂള്‍ വിഭാഗത്തില്‍ 28 പോയിന്റോടെ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂരാണ് മുന്നില്‍. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും സി.എച്ച്.എം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ള കോഴിച്ചാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി 20 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. രണ്ട് സ്വര്‍ണം നേടിയ മമ്പറം യു.പി.എസ് 10 പോയിന്റോടെ മൂന്നാംസ്ഥാനത്തുണ്ട്.
സ്‌കൂള്‍ വിഭാഗം ഓവറോള്‍ കിരീടം നിലനിര്‍ത്തുന്ന കോഴിച്ചാല്‍ ഇക്കുറി മെഡല്‍ നേട്ടത്തിനു വേഗം കൂട്ടി. രാവിലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ ടി.ആര്‍ വിഷ്ണുരാജാണ് സ്‌കൂളിലേക്കുള്ള ആദ്യ സ്വര്‍ണമെത്തിച്ചത്. പിന്നാലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്ത മത്സരത്തില്‍ റിന്‍സി തോമസും സ്വര്‍ണം നേടി.
ഇതേ ഇനത്തില്‍ രണ്ടാം സ്ഥാനം സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ഥി ജറിന്‍ വര്‍ഗീസ് കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ അലീന കെ ജെറിനും വെള്ളി കരസ്ഥമാക്കിയിട്ടുണ്ട്.
മുത്തുരാജ് ട്രാക്കില്‍
മിന്നും താരം.. ജീവിതത്തില്‍ ?
കണ്ണൂര്‍: തന്നെക്കാള്‍ പ്രായമായ താരങ്ങള്‍ക്കൊപ്പം മത്സരിക്കുകയും മെഡല്‍ വാരിക്കൂട്ടുമ്പോഴും മുത്തുരാജിന്റെ ജീവിതം പിന്നോട്ടോടുകയാണ്. സ്‌കൂള്‍ മീറ്റുകളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുത്തുരാജ് താരമാണ്. പഴയ സാധനങ്ങള്‍ പെറുക്കി വിറ്റു ജീവിക്കുന്ന ശേഖരന്‍-വള്ളിയമ്മ ദമ്പതികളുടെ ആറു മക്കളില്‍ ഒരുവനാണ് മുത്തുരാജ്. കായിക രംഗത്ത് മികച്ച പ്രകടനം നടത്തുന്ന മറ്റ് അഞ്ചു പേരും വിദ്യാര്‍ഥികളാണ്. പിതാവിനെ ഉന്തുവണ്ടി വലിച്ചു സഹായിച്ചാണ് ഇവര്‍ വിദ്യാഭ്യാസവും അതിനോടൊപ്പം കായിക രംഗത്തും സജീവമാവുന്നത്. മൂത്ത സഹോദരന്‍ ശിവന്‍ മുന്നാട് പീപ്പിള്‍സ് കോളജ് വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ തലം മുതല്‍ വേഗതയേറിയ ഓട്ടക്കാരനായ ശിവന്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നടന്ന യൂനിവേഴ്‌സിറ്റി ക്രോസ്‌കണ്‍ട്രിയിലും മികച്ച പ്രകടനം കാഴ്ചവച്ചു. മറ്റൊരു സഹോദരന്‍ ചീമേനി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരത്തിലെ മൂര്‍ത്തി ചെറുവത്തൂര്‍ സബ്ജില്ലയിലെ ഇത്തവണത്തെ വ്യക്തിഗത ചാംപ്യനാണ്. ഇതേ സ്‌കൂളില്‍ എട്ടാംതരത്തില്‍ പഠിക്കുന്ന മുത്തു 100, 600, 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനക്കാരനാണ്. നാലാംതരത്തില്‍ പഠിക്കുന്ന മനുവും രണ്ടാംതരത്തിലെ കൃഷ്ണപ്രിയയും ഓട്ടക്കാരാണ്. അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് നടത്ത മത്സരത്തില്‍ ഏവരേയും പിന്നിലാക്കുന്ന മുത്തുരാജിനെ കരിവെള്ളൂര്‍ പെരളം യു.പി സ്‌കൂളിലെ കായിക അധ്യാപകനായ കരുണാകരന്‍ ശ്രദ്ധിക്കുന്നത്. പിന്നീട് പരിശീലനത്തിലൂടെ ജില്ലാ മീറ്റുകളും സംസ്ഥാന മീറ്റുകളിലും പങ്കെടുപ്പിച്ചു. എല്ലായിടത്തും അഞ്ച് കിലോമീറ്റര്‍ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഈ ഏഴാം ക്ലാസുകാരന്‍ താരമായി. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നേടിയ രണ്ടാം സ്ഥാനം ഇക്കുറിയും മുത്തുരാജ് നിലനിര്‍ത്തി. മക്കള്‍ക്കു നല്ല ഭക്ഷണമോ വസ്ത്രമോ നല്‍കാന്‍ കഴിവില്ലെങ്കിലും കൂലിപ്പണിയെടുത്ത് അവര്‍ക്കു വേണ്ടതു പരമാവധി ചെയ്തു കൊടുക്കുമെന്ന് പിതാവ് ശേഖരന്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു.
ആദ്യ റെക്കോര്‍ഡ് അഫ്ഷാനു സ്വന്തം
കണ്ണൂര്‍: ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ ആദ്യ റെക്കോര്‍ഡ് എളയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസിലെ എ.എം മുഹമ്മദ് അഫ്ഷാന്. ജൂനിയര്‍ ബോയ്‌സ് അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരത്തിലാണ് 24.17 സെക്കന്‍ഡ് സമയം കുറിച്ച് അഫ്ഷാന്‍ റെക്കോര്‍ഡിട്ടത്. 2010ല്‍ കോഴിച്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അതുല്‍ അഗസ്റ്റിന്‍ തീര്‍ത്ത 25.56 സെക്കന്‍ഡ് സമയമാണ് മറികടന്നത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നടന്ന ഓള്‍ ഇന്ത്യ ജൂനിയര്‍ ചാംപ്യഷിപ്പില്‍ 23.03 സെക്കന്‍ഡ് സമയം കുറിച്ച് വെങ്കല മെഡലും കരസ്ഥമാക്കിയിട്ടുണ്ട് അഫ്ഷാന്‍. കണ്ണോത്തുംചാല്‍ റംലാസില്‍ അബ്ദുല്‍ സലീം-ഷുഹൈബ ദമ്പതികളുടെ മകനാണ്.
ആദ്യദിനം
നാലു റെക്കോര്‍ഡ്
കണ്ണൂര്‍: ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ആദ്യ ദിനം പിറന്നത് നാല് റെക്കോര്‍ഡുകള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോങ് ജംപില്‍ സായി തലശ്ശേരിയുടെ ആഷ്‌ന ഷാജി 5.33 മീറ്റര്‍ ദൂരം ചാടി റെക്കോര്‍ഡിട്ടപ്പോള്‍ 2011ല്‍ ഇതേ സ്‌കൂളിലെ നയന ജയിംസ് ചാടിയ 5.26 ദൂരം പഴങ്കഥയായി. സബ്ജൂനിയര്‍ ഗേള്‍സ് ഹൈ ജംപില്‍ സെന്റ് മേരീസ് എച്ച്.എസ്.എസ് എടൂരിലെ അലീന തോമസ് 1.33 മീറ്റര്‍ ചാടി റെക്കോര്‍ഡിട്ടു. പയ്യന്നൂര്‍ ഉപജില്ലയിലെ കെ.എം ഷാലിനിയുടെ 1.30 മീറ്റര്‍ ദൂരമാണ് മറികടന്നത്. സബ് ജൂനിയര്‍ ബോയ്‌സ് ഡിസ്‌കസ് ത്രോയില്‍ 2015ല്‍ സി.എച്ച്.എം എളയാവൂരിലെ അര്‍ജുന്‍ സുനില്‍ കുമാര്‍ നേടിയ 32.17 മീറ്റര്‍ മറികടന്ന് മമ്പറം യു.പി.എസിലെ ആര്‍ രാജു റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. 33.70 മീറ്ററാണ് രാജുവിന്റെ പേരിലുള്ള റെക്കോര്‍ഡ്. ജൂനിയര്‍ ബോയ്‌സ് അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ 24.17 സെക്കന്‍ഡ് സമയം കുറിച്ച് അഫ്ഷാന്‍ റെക്കോര്‍ഡിട്ടപ്പോള്‍ 2010ല്‍ കോഴിച്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അതുല്‍ അഗസ്റ്റിന്‍ നേടിയ 25.56 സെക്കന്‍ഡ് സമയം പഴങ്കഥയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."