പാത്തന്‍പാറയില്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു; ഒരാള്‍ അറസ്റ്റില്‍
ആലക്കോട്: പാത്തന്‍പാറ പാറെമൊട്ട കോളനിയിലെ വാറ്റ് കേന്ദ്രത്തില്‍ എക്സൈസ് പരിശോധനയില്‍ 200 ലിറ്റര്‍ വാഷും അഞ്ചു ലിറ്റര്‍ ചാരായവും സഹിതം കേന്ദ്രം നടത്തിപ്പുകാരന് കണ്ണാ രാജനെ(32) അറസ്റ്റു ചെയ്തു. മലയോരം കേന്ദ്രീകരിച്ച് വ്യാപകമായി നാടന്‍ ചാരായം വില്‍പ്പന നടത്തുന്നയാളാണ് തമ്പി കണ്ണാ രാജന്. ദിവസങ്ങളായി ഇയാളുടെ നീക്കം നിരീക്ഷിച്ച എക്സൈസ് സംഘം വ്യാഴാഴ്ച ഉച്ചയോടെയാണ് ആവശ്യക്കാരെന്ന വ്യാജേന കേന്ദ്രത്തില്‍ എത്തിയത്.
താമസ സ്ഥലത്തു നിന്നു മാറി തോടിനോടു ചേര്‍ന്ന പനയുടെ ചുവട്ടിലായിരുന്നു വാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ പി ശ്രീരാജ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ സി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസര്‍ സി.സി രാജന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.ജി മുരളീദാസ്, ഉല്ലാസ് ജോസ്, ടി.ആര് രാജേഷ്, ജോസ് ടി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന നടത്തി തിരിച്ചുവരുന്നതിനിടെ എക്സൈസ് സംഘത്തിനു നേരെ കല്ലേറുണ്ടായി. കോളനിക്ക് സമീപത്ത് വീട്ടില്‍ മറഞ്ഞുനിന്ന യുവാവാണ് കല്ലെറിഞ്ഞത്. ഇയാള്‍ ഓടി രക്ഷപെട്ടു. രാജന്റെ ബന്ധുവായ യുവാവാണ് കല്ലേറ് നടത്തിയതെന്നാണ് പ്രാഥമിക വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."