നോട്ട് അസാധുവാക്കല്‍; കാര്‍ഡ് സ്വൈപ്പിങ് മെഷീനുകള്ക്കിത് നല്ലകാലം
ബെംഗളൂരു: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ ബാങ്കുകള്‍ക്കു മാത്രമല്ല ഓവര്‍ ടൈം ഡ്യൂട്ടി. ഇ- വാണിജ്യ രംഗത്തെ ഒഴിവാക്കാനാവാത്ത ഉപകരണമായ സ്വൈപ്പിങ് മെഷീനുകളുടെ നിര്‍മാണ കമ്പനികളിലും ഇപ്പോള്‍ ഓവര്‍ ടൈം ഡ്യൂട്ടിയാണ്.
ഈ രംഗത്തുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ ഒരാഴ്ചയായി മുഴുസമയം പ്രവര്‍ത്തിച്ച് ഉപകരണങ്ങളുടെ ഉല്പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്. മെഷീനുകള്‍ക്ക് വിപണിയില്‍ ആവശ്യം കൂടിയതു തന്നെയാണ് കാരണം. ബെംഗളൂരുവിലാണ് മെഷീനുകള്‍ പ്രധാനമായും നിര്‍മിക്കപ്പെടുന്നത്.
ഹൈ ഡിനോമിനേഷന് നോട്ടുകള്‍ പിന്‍വലിച്ചതോടെ ബാങ്കിങ് സാക്ഷരതയുള്ളവരില് അധികവും പ്ലാസ്റ്റിക്ക് പണം ഉപയോഗിക്കാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ വരെ ഈ മേഖലയിലേക്ക് തിരിയാനും കാരണമായി. കാഷ് ഓണ്‍ ഡെലിവറി എന്നതില്‍ നിന്ന് കാര്‍ഡ് ഓണ്‍ ഡെലിവറി സംവിധാനത്തിലേക്ക് നിരവധി കമ്പനികള്‍ ഇതിനകം മാറിക്കഴിഞ്ഞു.
കേരളത്തിലും പ്രമുഖ ജ്വല്ലറികളിലും വെഡ്ഡിങ് സെന്ററുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മുന്‍പേ സ്വൈപ്പിങ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ സംവിധാനം വിപുലീകരിച്ചിട്ടുണ്ട്. എന്നാല്‍ ചെറുകിട സ്ഥാപനങ്ങളും ബാങ്കിങ് സാക്ഷരതയില്ലാത്തവരും പ്ലാസ്റ്റിക് പണം ഉപയോഗിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടു പോലുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."