കടകള്‍ പൊളിക്കാനുള്ള നീക്കം വിവാദത്തില്‍
കൊട്ടാരക്കര: ഗണപതിക്ഷേത്ര പരിസരത്തെ താല്‍ക്കാലിക കടകള്‍ പൊളിച്ചു മാറ്റാനുള്ള നഗരസഭയുടെ നീക്കം വിവാദമാകുന്നു. ട്രാഫിക പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരസഭയും താലൂക്ക് ട്രാഫിക് പരിഷ്‌കരണ കമ്മിറ്റിയും ചേര്‍ന്ന് കഴിഞ്ഞ കുറെ ദിവസമായി നഗരത്തിലെ റോഡു കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു.
ഗണപതിക്ഷേത്ര പരിസരത്തെ റോഡിന് ഇരുവശവും കെയ്യേറി താല്‍ക്കാലികമായി സ്ഥാപിച്ച കടകള്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയും പൊലിസും എത്തിയതോടെയാണ് കടകള്‍ പൊളിച്ചുമാറ്റുന്നത് വിവാദമായത്. വൃശ്ചിക മാസമായതോടെ അമ്പലത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമല ഇടത്താവളമായ ഇവിടത്തെ ഗതാഗതകുരുക്ക് പരിഹരിക്കാനാണ് കടകള്‍ പൊളിച്ചുമാറ്റുന്നത്.
കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്തെ കെയ്യേറ്റ കടകള്‍ നഗരസഭ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും കടകള്‍ പുനഃസ്ഥാപിക്കുകയായിരുന്നു. ഇന്നലെ ഉദ്യോഗസ്ഥ സംഘം എത്തിയതോടെ കച്ചവടക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമായി. മണ്ഡലകാലം കഴിയുന്നതുവരെ കച്ചവടം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് കച്ചവടക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."