പിള്ളയ്ക്ക് അഭിമാനിക്കാം; അയിഷാപോറ്റിക്ക് ഭൂരിപക്ഷം ഇരട്ടിയിലധികം
കൊട്ടാരക്കര: യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ എത്തിയ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും പാര്‍ട്ടിക്കും ജില്ലയിലെ എല്‍.ഡി.എഫ് മുന്നേറ്റത്തില്‍ ആഹ്ലാദിക്കാന്‍ വഴിയുണ്ട്.
കൊട്ടാരക്കരയില്‍ ഐഷാപോറ്റിയുടെ ഭൂരിപക്ഷം ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചതില്‍ പിള്ളയ്ക്കും കൂട്ടര്‍ക്കും അഭിമാനിക്കുകയും ചെയ്യാം. കന്നി അങ്കത്തില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തുമ്പോള്‍ അയിഷാപോറ്റിയുടെ ഭൂരിപക്ഷം 12,087 വോട്ടായിരുന്നു. 2011ല്‍ ഡോ. എന്‍.എന്‍ മുരളിയുമായി ഏറ്റുമുട്ടുമ്പോള്‍ ഭൂരിപക്ഷം 20,592 വോട്ടായി വര്‍ധിച്ചു.
ഇത്തവണ ആദ്യപ്രതിയോഗിയായിരുന്ന ബാലകൃഷ്ണപിള്ള സഹപ്രവര്‍ത്തകനായപ്പോള്‍ ഭൂരിപക്ഷം മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമായി 42,632 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവര്‍ യു.ഡി.എഫിലെ സവിന്‍ സത്യനെ ഇപ്പോള്‍ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ അഭിമാനാര്‍ഹമായ മുന്നേറ്റമാണ് എന്‍.ഡി.എയ്ക്ക് ഉണ്ടായത്. 2006ല്‍ ബി.ജെ.പി യിലെ എന്‍.ചന്ദ്രമോഹന്‍ 2856 വോട്ടും, 2011 ല്‍ വയ്ക്കല്‍ മധു 6370 വോട്ടും നേടിയപ്പോള്‍ ഇക്കുറി എന്‍.ഡി.എ മുന്നണിയിലെ രാജേശ്വരി രാജേന്ദ്രന്‍ 24,062 വോട്ടുകളുമാണ് നേടിയത്. ബി.ഡി.ജെ.എസ് അനുകൂല വോട്ടുകളും കോണ്‍ഗ്രസിലെ നെഗറ്റീവ് വോട്ടുകളും ബി.ജെ.പി പെട്ടിയില്‍ വീണതായാണ് അനുമാനിക്കേണ്ടത്.
യു.ഡി.എഫിനാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം തിരിച്ചടിയുണ്ടായത്. 2011 ല്‍ 53,477 വോട്ടു ലഭിച്ച യു.ഡി.എഫിന് ഇത്തവണ ലഭിച്ചത് 40,811 വോട്ടുകളാണ്. 13,000 ല്‍ അധികം വോട്ടുകളുടെ കുറവാണ് ഇത്തവണ യു.ഡി.എഫിനുണ്ടായത്. സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കൊടിക്കുന്നില്‍ സുരേഷ് വിഭാഗം ഉയര്‍ത്തിയ പരാതികള്‍ വോട്ടെടുപ്പില്‍ പ്രതിഫലിച്ചതായാണ് വിലയിരുത്തേണ്ടത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് (ബി) പ്രവര്‍ത്തകര്‍ കൊട്ടാരക്കരയില്‍ കൊടികുന്നില്‍ സുരേഷിന്റെ കോലം കത്തിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് (ബി)ക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളിലെല്ലാം എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. പത്താനാപുരത്തും, പുനലൂരും, കൊട്ടാരക്കരയിലും അത് നല്ലരീതിയില്‍ പ്രകടമായി. യു.ഡി.എഫ് വിട്ട തന്റെ നിലപാട് ശരിയായിരുന്നുവെന്ന് തോരഞ്ഞെടുപ്പു ഫലം തെളിയിച്ചതായി പിള്ള മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിക്കെതിരായ ജനവികാരമാണ് ജനവിധിയെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം ജില്ലയിലെ യു.ഡി.എഫിന്റെ സമ്പൂര്‍ണ്ണ പരാജയത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത് കൊടിക്കുന്നില്‍ സുരേഷ് എം.പി.സ്ഥാനം രാജിവയ്ക്കണമെന്നും പിള്ള ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."