വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണം സാധ്യമാക്കണം: പ്രൊഫ. മാര്‍ക്ക് ലിന്‍ഡേ
മാനന്തവാടി: മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനായി വിഭവങ്ങളുടെ നീതിപൂര്‍വകമായ വിതരണം സാധ്യമാക്കണമെന്ന് പ്രശസ്ത അമേരിക്കന്‍ പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനും ഗാന്ധിയനുമായ പ്രൊഫ. മാര്‍ക്ക് ലിന്‍ഡേ പറഞ്ഞു. മാനന്തവാടി ഗവ. കോളജ് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് വിഭാഗം നടത്തിയ ഒന്നാമത് ഡോ. വര്‍ഗീസ്‌കുര്യന്‍ സ്മാരക പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത് 21ാം നൂറ്റാണ്ടില്‍ ഗുണമേന്മയേറിയ മനുഷ്യജീവിതം അസാധ്യമാക്കും. നിലവിലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ ഏതാനും ദശകങ്ങള്‍ കൊണ്ട് ഉപയോഗിച്ചു തീരും.
എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി, അലൂമിനിയം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങി പുനരുല്‍പാദിപ്പിക്കാന്‍ സാധിക്കാത്ത പ്രകൃതിവിഭവങ്ങളുടെ അളവ് അതിവേഗം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ഭൂപ്രകൃതിയിലും കാര്‍ഷിക മേഖലയിലും സമൂലമായ മാറ്റങ്ങള്‍ക്ക് ഇടയാക്കും. ജലം, വായു, മണ്ണ് മലിനീകരണങ്ങള്‍ അതിസമ്പന്നമായ ജൈവ വൈവിധ്യം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ ഡോ. വര്‍ഗ്ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ കെ.എം ജോസ് അധ്യക്ഷനായി. പി.ടി.എ സെക്രട്ടറി എന്‍ മനോജ്, ശാസ്ത്ര വിഭാഗം മുന്‍ മേധാവി കെ.പി അസീസ്, ചെയര്‍മാന്‍ മുഹമ്മദ് ഷക്കീബ്, ഇക്കണോമിക്‌സ് വിഭാഗം തലവന്‍ പി.എച്ച് ഷാനവാസ്, അസിസ്റ്റന്റ് പ്രൊഫസര്‍ പി.എം ഹാരിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."