നാല് മാസങ്ങള്‍ക്കു ശേഷം കശ്മിര്‍ താഴ്‌വര ശാന്തമാകുന്നു
ശ്രീനഗര്‍: നാല് മാസങ്ങള്‍ക്കു ശേഷം കശ്മിര്‍ താഴ്‌വരയിലെ ജനജീവിതം ശാന്തമാകുന്നു.
ഓഫീസുകളും സ്‌കൂളുകളും കച്ചവട സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും ശനിയാഴ്ച രാവിലെ തുറന്നു. നിരവധി വാഹനങ്ങളും നിരത്തിലിറങ്ങി.
വിഘടന വാദികളുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനങ്ങള്‍ പലതും 132 ദിവസത്തിനു ശേഷം ആദ്യമായാണ് ഇന്ന് തുറക്കുന്നത്.
കടകളും അടഞ്ഞ് കിടന്നതിനാല്‍ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കശ്മിരിലെ ജനങ്ങളെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍, ശനിയാഴ്ച രാവിലെ നിരവധി പേര്‍ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും എത്തി.
സ്ഥിതിഗതികള്‍ ശാന്തമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു.
ശ്രീനഗറില്‍ വാഹന ഗതാഗതാഗതം തിരക്കേറിയതായി മാറി. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലും നല്ല ആള്‍ തിരക്കാണുണ്ടായത്.
താഴ് വരയിലെ എല്ലാ ജില്ലകളിലും ജനങ്ങള്‍ നിരത്തിലിറങ്ങി. ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ ട്രാഫിക് പൊലിസ് രംഗത്തിറങ്ങിയതായി പൊലിസ് പറഞ്ഞു.
ഈ ആഴ്ചയിലാണ് കശ്മിരിലെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ആരംഭിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ സാഹചര്യങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു
സുരക്ഷാ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് വിഘടനവാദികള്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. സംഘര്‍ഷത്തിനിടെ 86 പേര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 5000 ത്തോളം പേര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."