ശക്തമായ പോരാട്ടത്തിനിടെ ആശ്വാസമായി യമനില്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
റിയാദ്: ഏതാനും ദിവസങ്ങളായി അതിശക്തമായ പോരാട്ടം നടക്കുന്ന യമനില്‍ ആശ്വാസമായി 48 മണിക്കൂര്‍ നേരത്തേക്ക് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യമനിലെ വിഘടന വാദികളായ ഇറാന്‍ അനുകൂല ഹൂതികള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ 48 മണികൂര്‍ നേരത്തേക്ക് തങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യക്തമാക്കി. എന്നാല്‍ വിമത വിഭാഗമായ ഹൂതികളുടെ പ്രതികരണം പുറത്തു വന്നിട്ടില്ല.
ശനിയാഴ്ച്ച പ്രാദേശിക സമയം ഉച്ചക്ക് 12 മണി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ കരാര്‍ തങ്ങള്‍ അംഗീകരിക്കുകയാണെന്ന് സഖ്യസേനയെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി വ്യക്തമാക്കി. രണ്ടു ദിവസം മുന്‍പ് വെടി നിര്‍ത്തലിന് യുഎന്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും മുന്‍ കാലങ്ങളിലെ വെടിനിര്‍ത്തല്‍ കരാര്‍ ഹൂതികള്‍ ലംഘിച്ചതിനാല്‍ വെടി നിര്‍ത്തലിന് തങ്ങള്‍ ഒരുക്കമല്ലെന്ന് യമന്‍ ഔദ്യോഗിക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് യു.എസ് സ്റ്റേറ്റ് സിക്രട്ടറി ജോണ്‍ കെറി റിയാദില്‍ ഇതിനായി സഊദിയുമായി നേരിട്ട് പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് താല്‍ക്കാലിക വെടി നിര്‍ത്തലിന് സഖ്യസേന ഒരുങ്ങിയത്. യമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്ന് സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു.
യുദ്ധം തുടങ്ങിയ ശേഷമുള്ള ആറാമത്തെയും ഈ വര്‍ഷത്തെ മൂന്നാമത്തെയും വെടി നിര്‍ത്തലാണ് ഇന്നലെ നിലവില്‍ വന്നത്. ഹൂതികള്‍ അംഗീകരിച്ചാല്‍ വെടിനിര്‍ത്തല്‍ സമയം നീട്ടാനും സാധ്യതയുണ്ട്. നേരത്തെയുള്ള മുഴുവന്‍ കരാറുകളും ഹൂതികള്‍ ലംഘിച്ചതായാണ് സഖ്യസേന ആരോപിക്കുന്നത്.
യു.എന്‍ കണക്കു പ്രകാരം യുദ്ധത്തില്‍ 7000 ലധികം ആളുകള്‍ കൊല്ലപ്പെടുകയും 37000 ലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വ്യാഴാഴ്ച മുതല്‍ ഇന്നലെ രാവിലെ വരെ നടന്ന ഏറ്റുമുട്ടലുകളില്‍ 50ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."