ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു
എരുമപ്പെട്ടി: കടങ്ങോട് തെക്കുമുറിയില്‍ വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പൊലിസ് അന്വേഷണം കാര്യക്ഷമമാക്കിയത്. കടങ്ങോട് തെക്കുമുറി മേപറമ്പത്ത് ഹരിദാസന്റെ മകള്‍ ഗ്രീഷ്മ (18) യാണ് വെള്ളിയാഴ്ച രാവിലെ വീടിന് സമീപമുള്ള അള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചത്. രാവിലെ തൊട്ടടുത്ത വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോകുകയായിരുന്ന ഗ്രീഷ്മയെ നായ ആക്രമിക്കാന്‍ വന്നപ്പോള്‍ ഭയന്ന് ഓടുന്നതിനിടയില്‍ ആള്‍മറയില്ലാത്ത കിണറില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് പിതാവ് ഹരിദാസനും ബന്ധുക്കളും അയല്‍വാസികളും പൊലിസിനെ അറിയിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് പ്രഥമിക അന്വേഷണം നടത്തി ഇത് ശരിവയ്ക്കുകയും ചെയ്തു.
പൊലിസും കുട്ടിയുടെ പിതാവും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയ നാട്ടുകാരും സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് നായ ആക്രമിക്കാന്‍ ശ്രമിച്ചതാണ് ഗ്രീഷ്മ കിണറ്റില്‍ വീഴാന്‍ ഇടയാക്കിയതെന്നാണ് വെളിപ്പെടുത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഒരുവിഭാഗം നാട്ടുകാര്‍ രംഗത്തത്തിയിരിക്കുകയാണ്. ഗ്രീഷ്മ അടുത്ത വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോകാറുള്ളത് വൈകിട്ടാണെന്നും കുട്ടി കിണറില്‍ വീണസമയത്ത് നായയുടെ കുരകേട്ടുവെന്ന് പറയുന്നത് അടുത്ത വീട്ടില്‍ കൂട്ടില്‍ കിടന്നിരുന്ന നായയുടെയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
കിണറിന് സമീപം പാല്‍ പാത്രം കിടന്നിരുന്നെന്നും കുട്ടിക്ക് മൊബൈല്‍ ഫോണില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞതും നാട്ടുകാര്‍ നിഷേധിക്കുന്നുണ്ട്. നാട്ടുകാര്‍ക്ക് പുറമെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് മരണത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. റൂറല്‍ എസ്.പി. നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."