ശരീഅത്ത് സംരക്ഷണറാലിക്കെതിരേ കേസെടുത്ത സംഭവം; പൊലിസ് നിലപാട് ദുരൂഹം: മുസ്‌ലിം ജമാഅത്ത്
കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നടന്ന ശരീഅത്ത് സംരക്ഷണജാഥയില്‍ നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യം വിളിച്ചതിന് കേസെടുത്ത ഹോസ്ദുര്‍ഗ് പൊലിസിന്റെ നടപടി ജനാധിപത്യവിരുദ്ധവും പൊലിസ് സേനയുടെ വിശ്വാസ്യതക്ക് കോട്ടംവരുത്തുന്നതും ദുരൂഹവുമാണെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത് കേരള ഘടകം പ്രസ്താവിച്ചു.
നിയമപരമായ എല്ലാ അനുമതിയും നേടിയ ശേഷമാണ് ജാഥ നടത്തിയത്. സമാധാനപരമായി ജാഥയും സമ്മേളനവും നടത്തി ജനം പിരിഞ്ഞുപോയതിന് ശേഷം കേസെടുത്തതില്‍ ദുരൂഹതയുണ്ട്. പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചതാണ് കുറ്റമെന്ന് ഹോസ്ദുര്‍ഗ് എസ്.ഐ. ടി.വി. ബിജു പ്രകാശ് പരാതിക്കാരനായ കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പരാതിക്കാരന്‍ ജാഥ നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു എന്നതടക്കമുള്ള വാസ്തവ വിരുദ്ധമായ കാര്യങ്ങളും ഗൗരവതരമായ വകുപ്പുകളും ഉള്‍പ്പെടുന്നതാണ് ഹോസ്ദുര്‍ഗ് എസ്.ഐ. ടി.വി.ബിജു പ്രകാശ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട്.
നിയമപരമായ അനുമതിയില്ലാതെ സംഘം ചേരുന്നതിന് ചുമത്തേണ്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143-ാം വകുപ്പും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും അങ്ങിനെ ചെയ്യാത്തവര്‍ക്കെതിരേ ചുമത്തേണ്ട 145-ാം വകുപ്പും കലാപസമാനമായ സാഹചര്യമുണ്ടാക്കുന്നവര്‍ക്കെതിരേ ചുമത്തേണ്ട 147-ാം വകുപ്പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘടിച്ചവര്‍ എല്ലാവരെയും കുറ്റങ്ങളില്‍ തുല്യഉത്തരവാദികളാക്കുന്ന 149-ാം വകുപ്പും കലാപമുണ്ടാക്കുന്നതിന് വേണ്ടി പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരേ ചുമത്തേണ്ട 153-ാം വകുപ്പും ചേര്‍ത്ത് പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കിയത് ന്യായീകരിക്കാനാവാത്തതാണ്.
നരേന്ദ്രമോദിക്ക് എതിരേയുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള സംഘ് പരിവാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഹോസ്ദുര്‍ഗ് പൊലിസിന്റെ നടപടിയില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. പൊലിസ് സേനയിലുണ്ടാകുന്ന ഇത്തരം അപചയങ്ങള്‍ക്കെതിരേ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ അപകടപ്പെടുമെന്ന് മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."