ജലനിധി മലപ്പുറം ഓഫിസിലെ കോടികളുടെ ക്രമക്കേട്; ഒന്നാംപ്രതി പ്രവീണ്‍കുമാര്‍ അറസ്റ്റില്‍
മലപ്പുറം: ജലനിധി മലപ്പുറം റീജ്യണല്‍ ഓഫീസില്‍ ആറുകോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലെ ഒന്നാം പ്രതി പെരിന്തല്‍മണ്ണ ഏറാന്‍തോട് ഗണേഷ പ്രസന്ന വീട്ടില്‍ പ്രവീണ്‍കുമാര്‍ (40)നെ പൊലിസ് അറസ്റ്റുചെയ്തു. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.കാസര്‍കോട് നിലേശ്വരം സ്വദേശിയായ പ്രതി, ഇതേ കേസിലെ നേരത്തെ അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയായ ഭാര്യ ദീപയെ കാണാന്‍ നിലേശ്വരത്തേക്ക് എത്തുന്നതിനിടെയാണ് പിടികൂടിയത്. കഴിഞ്ഞ പത്തിനു അറസ്റ്റിലായ ഇവര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ജലനിധി മലപ്പുറം ഓഫീസില്‍ നിന്നും പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിതം കൈമാറുന്നതിനിടെ സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് 2012 മുതല്‍ 25 തവണകളായി 6.13 കോടിരൂപ വകമാറ്റിയെന്നാണ് മുഖ്യപ്രതിയും ഓഫീസിലെ കരാര്‍ ജീവനക്കാരനുമായ പ്രവീണ്‍കുമാറിനെതിരെയുള്ള കേസ്. തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതോടെ പെരിന്തല്‍മണ്ണയില്‍ നിന്നും സ്വദേശത്തേക്ക് രക്ഷപ്പെട്ട പ്രതി പിന്നീട് കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. കൊടുക്, മട്കരി, മംഗലാപുരം എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്നു.
മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ 41 പഞ്ചായത്തുകളുടെ കുടിവെള്ളപദ്ധതിക്കുള്ള സഹായവും മേല്‍നോട്ടവുമാണ് മലപ്പുറം ഓഫീസിനു കീഴിലുള്ളത്. ഓരോ പദ്ധതി വിഹിത്തിന്റെയും 75 ശതമാനം ജലനിധിയും 10 ശതമാനം തദ്ദേശ സ്ഥാപനങ്ങളും 15 ശതമാനം വിഹിതം ഗുണഭോക്തൃ സംഘങ്ങളുമാണ് വഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ അക്കൗണ്ടുകളിലേക്കാണ് ജലനിധിയുടെ വിഹിതം കൈമാറുന്നത്. ഓഫീസ് അക്കൗണ്ടില്‍ നിന്നും പഞ്ചായത്തുകള്‍ക്ക് പണം കൈമാറുന്നതിനുള്ള ചുമതല പ്രവീണ്‍കുമാറായിരുന്നു. ഇതാണ് തട്ടിപ്പിന് സഹായകമായത്. ഇതിനായി ഇടപാട് നടത്തുന്ന ബാങ്കിന്റെ വ്യാജ സീലും പ്രതി നിര്‍മിച്ചിരുന്നു.പെരിന്തല്‍മണ്ണയില്‍ നടത്തുന്ന സ്ഥാപനത്തിന്റെ ഇടപാടുകള്‍ക്കെന്ന വ്യാജേന വിജയാ ബാങ്കില്‍ പ്രതി സ്വന്തം അക്കൗണ്ട് തുടങ്ങിയിരുന്നു.
തട്ടിപ്പ് നടത്തിയ പണമുപയോഗിച്ച് 68 ലക്ഷം രൂപയുടെ ആഢംബര വാഹനം, ജീപ്പ്, കാര്‍ എന്നിവ വാങ്ങി. ആഢംബര കാര്‍ കഴിഞ്ഞ പത്തിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനത്തിന്റെ വായ്പ പ്രീമിയം ഒരു ലക്ഷം രൂപ തിരിച്ചടച്ചിരുന്നതും പ്രതിമാസം രണ്ടര ലക്ഷം അടക്കേണ്ട ചിട്ടികളുടെ ഇടപാടുകളും ഈ അക്കൗണ്ട് വഴിയാണ് നടത്തിയിരുന്നത്. പെരിന്തല്‍മണ്ണയില്‍ പ്രതിയും കുടുംബവും താമസിച്ചിരുന്ന 38 ലക്ഷത്തോളം വിലവരുന്ന വീടും എറണാകുളം കാക്കാനാട് രണ്ട് ഫ്‌ളാറ്റുകളും ബന്ധുക്കളുടെ പേരില്‍ സ്ഥലവും വീടുമടക്കം വാങ്ങിയതായി പൊലിസ് പറഞ്ഞു.
തട്ടിപ്പിനു കൂട്ടു നിന്നതാണ് ഭാര്യ ദീപക്കെതിരെ കേസ്. രക്ഷപ്പെടാനും, ഒളിവില്‍ താമസിക്കാനും സൗകര്യം ചെയ്തു നല്‍കിയ കുറ്റത്തിനു സഹോദരി പുത്രന്‍ മിഥുന്‍ കൃഷ്ണനെ കഴിഞ്ഞ 18 ന് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും കേസ് വിജിലന്‍സിന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ,മലപ്പുറം ഡി.വൈ.എസ്.പി പി.എം പ്രദീപ് എന്നിവരുടെ മേല്‍നോട്ടത്തില്‍ മലപ്പുറം സി.ഐ എ പ്രേംജിത്താണ് പ്രതികളെ പിടികൂടിയത്. സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബ്ദുല്‍ അസീസ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സാബുലാല്‍, ശശി കുണ്ടറക്കാടന്‍, സത്യന്‍, വേലായുധന്‍, സി.പി.ഒ മാരായ ജിനേഷ്, അബ്ദുല്‍ കരീം വനിതാ പൊലിസുമാരായ സുഷമ, ഷര്‍മിള എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."