ആരാധനാലയങ്ങള്‍ പൊളിക്കാന്‍ അനുവദിക്കില്ല: തേര്‍ളായി
കണ്ണൂര്‍: വികസനത്തിന്റെ പേരില്‍ മതവിശ്വാസികള്‍ ആരാധനകള്‍ക്കായി നിര്‍മിച്ച പള്ളികള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊളിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അഹ്മദ് തേര്‍ളായി. ദേശീയപാതാ വികസനത്തിന്റെ പേരില്‍ മുഴപ്പിലങ്ങാട്, എടക്കാട് മേഖലകളിലെ പള്ളി, മദ്‌റസാ, ഖബര്‍സ്ഥാന്‍ എന്നിവ പൊളിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എടക്കാട് ശാദുലിയ പള്ളി സംരക്ഷണസമിതി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വന്‍ നഗരങ്ങളില്‍ പോലും റോഡരികിലുള്ള ആരാധനാലയങ്ങള്‍ സര്‍ക്കാരുകള്‍ തന്നെ സംരക്ഷിക്കുന്നുണ്ട്. ദേശീയപാതയ്ക്കു 45 മീറ്റര്‍ വീതി എന്നതു എല്ലായിടത്തും പ്രായോഗികമല്ല.
പാലങ്ങള്‍ക്കും റെയില്‍വേ മേല്‍പാലങ്ങള്‍ക്കും ഇളവുനല്‍കിയതു പോലെ ആരാധനാലയങ്ങള്‍ക്കും ഇളവ് നല്‍കണം. ഇത്തരം തര്‍ക്ക സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തോ മേല്‍പാലങ്ങള്‍ നിര്‍മിച്ചോ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും അഹ്മദ് തേര്‍ളായി ആവശ്യപ്പെട്ടു.
സംരക്ഷണസമിതി ചെയര്‍മാന്‍ പി ഹമീദ് അധ്യക്ഷനായി. അന്‍സാരി തില്ലങ്കേരി, സി രഘുനാഥ്, പി.പി മോഹനന്‍, പര്‍വീസ്, പോള്‍ ടി സാമുവല്‍, ബഷീര്‍ കളത്തില്‍, ആബിദ് ദാരിമി, ടി.സി സലീം സംസാരിച്ചു.
ദേശീയപാതാ വികസനത്തിന്റെ പേരില്‍ എടക്കാട് ശാദുലിയ്യ മസ്ജിദ്, മദ്‌റസാ, ഖബര്‍സ്ഥാന്‍, കുളംബസാര്‍ പള്ളി, ചാല ബൈപാസിലെ ഷേണിയാറത്ത് പള്ളി എന്നിവ പൊളിച്ചുമാറ്റാനുള്ള ദേശീയാപാതാ അതോറിറ്റിയുടെ നീക്കത്തിനെതിരേയായിരുന്നു സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."