ദുരന്തം പാഠമാക്കി ഹജ്ജിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ സഊദി
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: മുന്‍കാലങ്ങളിലെ ഹജ്ജ് സമയത്തെ ദുരന്തങ്ങള്‍ മുന്നില്‍ കണ്ട് ശക്തമായ നീക്കങ്ങള്‍ സഊദി അറേബ്യ ഇതിനകം ആരംഭിച്ചു. മുന്‍ കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ വിവിധ സമിതികളുമായി ചര്‍ച്ച ചെയ്ത് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിന്റെ പ്രഥമ ഘട്ടം കഴിഞ്ഞ ദിവസം മക്കയില്‍ പൂര്‍ത്തീകരിച്ചു.സഊദി ഭരണകൂടത്തിന്റെ കീഴിലുള്ള വിവിധങ്ങളായ ആറു ഗവണ്‍മെന്റ്, സുരക്ഷാ ഏജന്‍സികളുടെ സംയുക്ത യോഗമാണ് നടന്നത്. മുന്‍കാല ദുരന്തങ്ങളെയും പ്രശ്‌നങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ പതിനൊന്ന് റിപ്പോര്‍ട്ടുകള്‍ വിവിധ വകുപ്പ് മേധാവികള്‍ അവതരിപ്പിച്ചു.
കൂടാതെ അറഫ, ജംറ തുടങ്ങിയ പ്രത്യേക സുരക്ഷ ആവശ്യമായ കേന്ദ്രങ്ങളുടെ സുരക്ഷാ അവലോകനവും നടന്നു.
മക്ക ഇരുഹറം വികസന അതോറിറ്റി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മക്കയും പരിസരവും ജനനിബിഡമാകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഓപറേഷനുകളുമാണ് വ്യക്തമാക്കിയത്. കൂടാതെ മിന, മുസ്ദലിഫ, ജംറകളിലെ കേല്ലറ് കര്‍മം തുടങ്ങിയ സ്ഥലങ്ങളിലെ പതിവ് ദുരന്തങ്ങള്‍,കൂടാതെ മിനയിലടക്കം ഈ വര്‍ഷം ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷയും അവലോകനം ചെയ്തു.
ഇരുഹറം മെയിന്റനന്‍സ് ആന്റ് ഓപറേഷന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും ഈ ഭാഗങ്ങളില്‍ ഈ വര്‍ഷം പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സുരക്ഷാ സേനയും പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട് . റെയില്‍ മെട്രോ സ്റ്റേഷന്‍, ജംറകളിലേക്കുള്ള റോഡുകള്‍ എന്നിവയെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റും പ്രത്യേക റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാനങ്ങളില്‍ നിന്നുള്ള തീവ്രവാദ വേട്ടയും രാജ്യത്തിനകത്ത് ഹജിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ചാരപ്രവര്‍ത്തന സെല്‍ കണ്ടെത്തിയതും പഴുതടച്ച സുരക്ഷയിലേക്ക് തിരിയാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ദുരന്തത്തില്‍ ഇറാനു പങ്കുണ്ടെന്ന് ദുരന്ത സമയത്തു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു ശരിവെക്കുന്ന തരത്തിലേക്കാണ് ചാരസെല്ലിന്റെ പ്രവര്‍ത്തനം അടുത്തിടെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."