തെരുവോരത്ത് ചായക്കച്ചവടം നടത്തി സഊദി വനിത വ്യത്യസ്തയാകുന്നു
ജിദ്ദ: സഊദി അറേബ്യയില്‍ സ്ത്രീകള്‍ പൊതുവെ പുറംജോലികള്‍ ചെയ്യാറില്ല. ചായക്കടകളോ ഹോട്ടലുകളോ വനിതകള്‍ നടത്താറുമില്ല. എന്നാല്‍ സര്‍വകലാശാല വിദ്യാര്‍ഥികളായ പെണ്‍മക്കളുടെ സഹായത്തോടെ ഒരു സഊദി വനിത സ്വന്തം ഉപജീവനത്തിനായി ചായക്കച്ചവടം നടത്തി വ്യത്യസ്ഥയാവുകയാണ്.
ജുമാന മക്കി എന്ന സ്ത്രീയാണു മദീനയിലെ കിങ് അബ്ദുള്‍ അസീസ് റോഡില്‍ ചായക്കട ഉപജീവനമാക്കി തൊഴിലില്ലായ്മയെ നിശ്ചദാര്‍ഢ്യം കൊണ്ടു തോല്‍പ്പിച്ചത്. മക്കളുമായി കൂടിയാലോചിച്ചാണു ചായക്കച്ചവടത്തിനിറങ്ങിയതെന്നും ഓഫിസ് ജോലി കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടും ജീവിത ചെലവുകള്‍ ഏറിയതുമാണ് ഈ തൊഴില്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ചായക്കട നടത്താന്‍ യാതൊരു മടിയും ഇല്ലായിരുന്നു. ചെലവു കുറക്കാനായി തുടക്കത്തില്‍ വിറകടുപ്പാണു ചായയുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്.
ചായക്കച്ചവടം തുടങ്ങിയപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും വിമര്‍ശിച്ചു. സ്ത്രീകള്‍ തെരുവോരത്തു കച്ചവടം നടത്തുന്നത് ആര്‍ക്കും ഇഷ്ടമായിരുന്നില്ല. എന്നാല്‍ ഇതൊരു മോശം ജോലിയായി കാണുന്നില്ലെന്നും മോശമില്ലാത്ത വരുമാനം ലഭിക്കുന്നുണ്ടെന്നും ജുമാന പറഞ്ഞു. ചായക്കച്ചവടം തുടങ്ങിയതോടെ ജീവിത നിലവാരം മെച്ചപ്പെട്ടതായി ഇവര്‍ വ്യക്തമാക്കുന്നു. ചായയും ചിലയിനം കാപ്പികളും ഇവര്‍ ഇവിടെ തയാറാക്കി നല്‍കുന്നുണ്ട്.
പെണ്‍മക്കളും സഹായിക്കാറുണ്ട്. അസര്‍ നിസ്‌കാരം മുതല്‍ പാതിരാവരെയാണ് ചായക്കച്ചവടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."