'അതിര്‍ത്തി'ക്കപ്പുറം എറിഞ്ഞിട്ട് മഖ്ബൂലും ഫൈസലും
കോഴിക്കോട്: വെടിയൊച്ചകളും ആഭ്യന്തര സംഘര്‍ഷങ്ങളും നിലയ്ക്കാത്ത ജമ്മുകശ്മിര്‍ സ്വദേശികളായ മഖ്ബൂല്‍ ഖാനിനും ഫൈസല്‍ ഇഖ്ബാലിനും ജില്ലാ സ്‌കൂള്‍ കായികമേളയില്‍ 'അതിര്‍ത്തി' പ്രശ്‌നങ്ങളൊന്നും വിഷയമായില്ല. സബ്ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ട് മത്സരത്തില്‍ മറ്റു മത്സരാര്‍ഥികള്‍ തീര്‍ത്ത 'അതിര്‍ത്തി'ക്കപ്പുറത്തേക്ക് എറിഞ്ഞിട്ടാണ് യഥാക്രമം സ്വര്‍ണവും വെള്ളിയും ഇവര്‍ നേടിയത്. കാരന്തൂര്‍ എച്ച്.എസ്.എസ് എട്ടാം തരം വിദ്യാര്‍ഥികളായ ഇരുവരും സ്വന്തം നാട്ടില്‍ ലഭിക്കാത്ത പരിഗണന ഇവിടെ ലഭിക്കുന്നതില്‍ അതീവ സന്തുഷ്ടരാണ്.
സ്‌കൂള്‍ കായികമേളകളും മറ്റും സ്വന്തം നാട്ടില്‍ കൃത്യമായി നടക്കാത്ത കാര്യവും ഇവര്‍ പരിഭവത്തോടെ പറയുന്നു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിദ്യാഭ്യാസത്തിനായി ഇവര്‍ കോഴിക്കോട്ടെത്തുന്നത്. ഇന്ന് ഡിസ്‌കസ്‌ത്രോ ഇനത്തിലും പങ്കെടുക്കുന്ന മഖ്ബൂല്‍ ദീന്‍ മുഹമ്മദിന്റെയും സൈറ ഹാനുലിന്റെയും മകനാണ്.
മഹ്ബൂബ് ഖാനാണ് സഹോദരന്‍. സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് ഇസ്ഹാഖിന്റെയും സുരയ്യ പര്‍വീസിന്റെയും മകനാണ് ഫൈസല്‍ ഇഖ്ബാല്‍. മുഹമ്മദ് മുഹ്‌സിനും മുഹമ്മദ് നസീറുമാണ് സഹോദരങ്ങള്‍.
നവീനയ്ക്ക് മെഡല്‍ അച്ഛനുള്ള സമ്മാനം
കോഴിക്കോട്: കായികമേളയിലെ ചട്ടങ്ങള്‍ക്ക് ട്രാക്കിലെ പ്രകടനത്തിലൂടെ മറുപടി പറഞ്ഞ് ആറാം ക്ലാസുകാരി നവീന നേടിയ വെങ്കല മെഡല്‍ അച്ഛനുള്ള സമ്മാനം കൂടിയായി. 3000 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഓട്ടത്തില്‍ പങ്കെടുത്താണ് ഈ പതിനൊന്നുകാരി മെഡല്‍ കരസ്ഥമാക്കിയത്. നൃത്തകലാ അധ്യാപകനും പെയിന്റിങ് തൊഴിലാളിയുമായ തിരുവമ്പാടി മറിയപ്പുറം രാമന്‍കുട്ടി മക്കളായ നവീനയുടെയും സഹോദരി നന്ദനയുടെയും താല്‍പര്യത്തെ അതിരറ്റു പ്രോത്സാഹിപ്പിച്ചതിന്റെ പ്രതിഫലമായി ഈ വെങ്കല നേട്ടം മാറുകയാണ്.
ദുരിതങ്ങള്‍ ഏറെയുണ്ടെങ്കിലും ജഴ്‌സിയും സ്‌പൈക്കും ഉള്‍പ്പെടെ വാങ്ങി നല്‍കിയാണ് രാമന്‍കുട്ടി മക്കളെ മേളയില്‍ പങ്കെടുപ്പിച്ചത്. പക്ഷേ അളവില്‍ വ്യത്യാസം വന്നതിനാല്‍ സ്‌പൈക്ക് ധരിക്കാതെയാണ് നവീന മത്സരിക്കാനിറങ്ങിയത്.
സ്‌കൂളിലെ പരിശീലകന്‍ തോമസാണ് ഈ സഹോദരങ്ങളെ അഭ്യസിപ്പിക്കുന്നത്. കലാരംഗത്തും നവീനയും നന്ദനയും മുന്‍പന്തിയിലാണ്. നൃത്തം അഭ്യസിക്കുന്ന ഇരുവരും ഗിറ്റാറിലും കീബോര്‍ഡിലും തല്‍പ്പരരാണ്.
ഇന്നു 1500 മീറ്റര്‍ സീനിയര്‍ വിഭാഗത്തിലും നവീന ട്രാക്കിലിറങ്ങും. മേളയുടെ ആദ്യദിനത്തിലും മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം മത്സരിച്ച് നേട്ടം കൊയ്ത പത്തു വയസുകാരിയുടെ പ്രകടനം ജനശ്രദ്ധ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."