മലമാനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
തളിപ്പറമ്പ്: മലമാനിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കരാമരം തട്ടിലെ ചപ്പിലി ഷാജിയെയാണ്(34) തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സോളമന്‍ തോമസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. റെയ്ഡിനിടെ ഓടി രക്ഷപ്പെട്ട പ്രധാന പ്രതികളായ കരാമരംതട്ടിലെ രണ്ടുപേര്‍ കഴിഞ്ഞ ദിവസം തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. റിമാന്‍ഡിലായ ഇവരെ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മൂന്നാമനെക്കുറിച്ചു വിവരം ലഭിച്ചത്. പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിയ വനംവകുപ്പ് സംഘം ഷാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഉണക്കി സൂക്ഷിക്കുന്നതിനായി ഒളിച്ചുവച്ച 70 കിലോ ഇറച്ചി കണ്ടെടുത്തു. ഇതു പാകം ചെയ്യാനുപയോഗിച്ച പാത്രങ്ങളും പിടിച്ചെടുത്തു. ഇറച്ചി പുഴുവരിച്ച നിലയിലായിരുന്നു. കഴിഞ്ഞ 16 നാണ് കരാമരം തട്ടില്‍ വനംവകുപ്പ് നടത്തിയ റെയ്ഡില്‍ മലമാനിന്റെ തോലും നെയ്യും ലൈസന്‍സില്ലാത്ത രണ്ട് നാടന്‍തോക്കുകളും കണ്ടെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.
മത്സ്യവ്യാപാരിയെ ആക്രമിച്ച്
98,000 രൂപ കവര്‍ന്നു
കണ്ണൂര്‍: ആയിക്കരയിലേക്കു മത്സ്യം വാങ്ങാന്‍ പോവുകയായിരുന്ന മത്സ്യവ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു നടുവില്‍ പാറോലകത്ത് മുഹമ്മദിനെയാണ് ഓമ്‌നി വാനിലെത്തിയ അഞ്ചംഗസംഘം ആക്രമിച്ച് 98,000 രൂപ കവര്‍ന്നത്.
നടുവിലില്‍ നിന്നു രാവിലെ സ്‌കൂട്ടറില്‍ മത്സ്യം വാങ്ങാന്‍ ആയിക്കരയില്‍ എത്തിയതായിരുന്നു മുഹമ്മദ്. സ്‌കൂട്ടര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയ ശേഷം ആയിക്കരയിലേക്കു നടന്നുപോവുകയായിരുന്നു. ഇതിനിടെ സംഘം മുഹമ്മദിനെ തടഞ്ഞുനിര്‍ത്തുകയും തോര്‍ത്തുകൊണ്ട് തലമൂടുകയും അരയില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയുമായിരുന്നു.
മുഹമ്മദിന്റെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."