കുരുമുളക് തോട്ടങ്ങളില്‍ ദ്രുതവാട്ടം; കര്‍ഷകര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം
കല്‍പ്പറ്റ: മാനന്തവാടി താലൂക്ക് പരിധിയിലെ ചില തോട്ടങ്ങളില്‍ കുരുമുളക് വള്ളികള്‍ കരിഞ്ഞുണങ്ങുന്നത് ദ്രുതവാട്ടത്തിന്റെ ലക്ഷണമാണെന്ന് കൃഷിവകുപ്പ് ഉദ്യാഗസ്ഥര്‍ വിലയിരുത്തി. രോഗം ബാധിച്ച തോട്ടങ്ങളില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ദ്രുതവാട്ട ബാധ കണ്ടെത്തിയത്. വിവിധ കുരമുളക് തോട്ടങ്ങളില്‍ ദ്രുതവാട്ടത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനാല്‍ കര്‍ഷകര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
കൃഷി ഭൂമിയിലെ മണ്ണിന്റെ ഈര്‍പ്പം നന്നായി കുറയുമ്പോള്‍ ഫെറ്റോതോറ കാപ്സിസി എന്ന കുമിള്‍ബാധ കൂടുകയും വേരുകള്‍ അഴുകി നശിക്കുകയും ചെയ്യും. ഇതോടെ കുരുമുളക് വള്ളിക്ക് ആവശ്യത്തിനുള്ള പോഷണം ലഭിക്കാതെ വരുന്നു. ഇതാണ് കുരുമുളക് വള്ളികളില്‍ ദ്രുതവാട്ടം കൂടാനുള്ള കാരണം. പൊട്ടാസ്യം ഫോസ്ഫേറ്റ് (അക്കോമിന്‍) 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കുരുമുളക് ചെടിയുടെ ചുവട്ടില്‍ തളിക്കണം. 5 ലിറ്റര്‍ മുതല്‍ 10 ലിറ്റര്‍ വരെ ഇത്തരത്തില്‍ ഒഴിക്കുന്നത് നന്നാകും. കോപ്പര്‍ ഓക്സി ക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയാറാക്കി 5 ലിറ്റര്‍ മുതല്‍ 10 ലിറ്റര്‍ വരെ കുരുമുളക് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുന്നതും ദ്രുതവാട്ടം തടയുന്നതിന് ഫലപ്രദമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."