ആരക്കുഴ-പാലക്കുഴ കുടിവെള്ള പദ്ധതിക്ക് പതിമൂന്നര കോടി അനുവദിച്ചു
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ ഗ്രാമീണ കുടിവെള്ള പദ്ധതിയായ ആരക്കുഴ-പാലക്കുഴ കുടിവെള്ള പദ്ധതിക്ക് 13.50 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. സംസ്ഥാനത്ത് ആറ് കുടിവെള്ള പദ്ധതികള്‍ക്ക് നബാഡില്‍ നിന്നും 57.26 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ നിന്നുമാണ് ആരക്കുഴ-പാലക്കുഴ കുടിവെള്ള പദ്ധതിക്ക് 13.50 കോടി അനുവദിച്ചത്.
ആരക്കുഴ പഞ്ചായത്തിലെ മൂഴിയിലുള്ള കിണറില്‍ നിന്നുമാണ് വെള്ളം പമ്പ് ചെയ്ത് കൊന്നാനിക്കാട് മലയില്‍ സ്ഥാപിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുചീകരിച്ച ശേഷം ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളില്‍ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ആരക്കുഴ-പാലക്കുഴ കുടിവെള്ള പദ്ധതി.
31507 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ആരക്കുഴ-പാലക്കുഴ കുടിവെള്ള പദ്ധതിയെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് പഞ്ചായത്തുകളിലും ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികള്‍ നിലവിലുണ്ടങ്കിലും വേനല്‍ കനക്കുന്നതോടെ പല പദ്ധതികളുടെയും പ്രവര്‍ത്തനം അവതളാത്തിലാകുകയും കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ആരക്കുഴ-പാലക്കുഴ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്മാരായ ജോഷി സ്‌കറിയയും വള്ളമറ്റം കുഞ്ഞും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."