ദാ, അഞ്ഞൂറെത്തി..!
മലപ്പുറം: കാത്തിരിപ്പിനൊടുവില്‍ മലപ്പുറത്തെ ബാങ്കില്‍ ഇന്നലെ പുതിയ അഞ്ഞൂറു രൂപാ നോട്ടെത്തി. എന്നാല്‍, ആശിച്ചവര്‍ക്കെല്ലാം അഞ്ഞൂറ് കൈയില്‍ തടഞ്ഞില്ല. രണ്ടായിരവും അഞ്ഞൂറും നൂറും ചേര്‍ന്നാണ് എ.ടി.എമ്മിലെത്തിയത്.
അഞ്ഞൂറിന്റെ നോട്ടെത്തിയതറിഞ്ഞതോടെ ബാങ്കിനുമുന്നില്‍ തിരക്കും കൂടി. വരിനില്‍ക്കുന്നവര്‍ക്കു മുഴുവന്‍ പണം ലഭിക്കാനുള്ള വക ഒരാഴ്ച കഴിഞ്ഞിട്ടും എ.ടി.എമ്മുകളിലെത്തിയിട്ടില്ല. പൊരിവെയിലത്തും നീണ്ട വരിനിന്നവര്‍ പണം തീര്‍ന്നതോടെ മടങ്ങി. പുതിയ പണം കൈയിലെത്തിയവരും ആശയക്കുഴപ്പത്തിലാണ്. അഞ്ഞൂറ് വ്യാപകമല്ലാത്തതിനാല്‍ കടകളിലും മറ്റും സ്വീകരിക്കുമോയെന്നതാണ് സംശയം. രണ്ടായിരം നോട്ടിറങ്ങിയതോടെ രാജ്യത്തു വ്യാജ നോട്ടുകളും സുലഭമായിരുന്നു
പുതിയ അഞ്ഞൂറിന്റെ നോട്ട് പരിചയപ്പെടാന്‍ സമയമെടുക്കുമെന്നതിനാല്‍ അബദ്ധം ഒഴിവാക്കാനായി പണം സ്വീകരിക്കാതെവന്നാലും കുഴങ്ങും. സ്റ്റേറ്റ് ബാങ്ക് ഉള്‍പ്പെടെ എ.ടി.എമ്മും ഡെപ്പോസിറ്റ് മെഷീനുകളിലും പൂര്‍ണസമയം പ്രവര്‍ത്തിക്കാനാകുന്നില്ല. ഡെപ്പോസിറ്റ് മെഷീന്‍ പലയിടത്തും പണിമുടക്കുന്നതായും പരാതിയുണ്ട്. ചിലയിടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഡെപ്പോസിറ്റ് മെഷീനു മുന്നില്‍ ഒരേ ആള്‍തന്നെ ഒന്നിലധികം കാര്‍ഡുകളുമായി കയറുന്നതു വാക്കുതര്‍ക്കത്തിനും ഇടയാക്കുന്നുണ്ട്.
ബാങ്കുകളില്‍ പണം മാറ്റിനല്‍കുന്നത് ഏകദേശം നിലച്ചമട്ടാണ്. ബാങ്ക് അക്കൗണ്ടിലേക്കു പണം ഡെപ്പോസിറ്റ് ചെയ്യാനുള്ളവരും പണം പിന്‍വലിക്കാനുമുള്ളവരുമാണിപ്പോള്‍ ബാങ്കുകളില്‍ വരി നില്‍ക്കുന്നത്.
അതേസമയം, പണം തീര്‍ന്നുവെന്നതിനാല്‍ പലയിടത്തും പണം പിന്‍വലിക്കാനെത്തിയവര്‍ മണിക്കൂറുകളോളം വരിനിന്ന ശേഷം തിരിച്ചുപോകേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."