നിലമ്പൂരില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിച്ചത് 2010ല്‍
നിലമ്പൂര്‍: മാവോയിസ്റ്റ് സാന്നിധ്യം നിലമ്പൂരില്‍ ആരംഭിച്ചത് 2010ലെ ട്രെയിന്‍ അട്ടിമറി ശ്രമത്തിലൂടെ. 2010 ജൂലൈ എട്ടിനാണു നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നത്. റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന നിലമ്പൂര്‍- ഷൊര്‍ണൂര്‍ 654-ാം നമ്പര്‍ ട്രെയിനിന്റെ ബ്രേക്ക് പൈപ്പും ഫീഡ് പൈപ്പും ഇരുപതിടത്താണ് അറുത്തുമാറ്റിയത്.
തീവ്രവാദ സ്വഭാവമുള്ള സംഘടനയിലേക്ക് അന്വേഷണം നീണ്ടെങ്കിലും ഒടുവില്‍ മാവോയിസ്റ്റ് ഓപ്പറേഷനാണെന്നു വ്യക്തമാവുകയായിരുന്നു. നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും മുമ്പെ തങ്ങളുടെ സാന്നിധ്യം ഉണ്ടെന്നു തെളിയിക്കുന്നതിനുള്ള ആദ്യപടിയായിരുന്നു ട്രെയിന്‍ അട്ടിമറി ശ്രമം.
2013ലാണു നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകളുണ്ടെന്ന് ഔദ്യോഗികമായി പൊലിസ് സ്ഥിരീകരിച്ചത്. മാവോയിസ്റ്റുകളായ എറണാകുളത്തുകാരന് പി.കെ സിനിക്, പാലക്കാട് സ്വദേശി ശശിധരന് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാവോയിസ്റ്റ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി രൂപേഷും സംഘവും ട്രെയിന്‍ അട്ടിമറി നടന്ന 2010 ജൂലൈ എട്ടിന് നിലമ്പൂരില്‍ തമ്പടിച്ചതായും പൊലിസിന് വിവരം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."