ഐ.ആര്.എഫിന്റെ 25 അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും മതപ്രചാരകനുമായ ഡോ. സാക്കിര്‍ നായിക്കിന്റെ കീഴിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐ.ആര്.എഫ്) 25 അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എന്‍.ഐ.എ ബാങ്കുകള്‍ക്കു നിര്‍ദേശം നല്കി. നായിക്കിന്റെയും സംഘടനയുടെയും അക്കൗണ്ടുകള്‍ അടുത്ത ഒരു ഉത്തരവുണ്ടാവുന്നതു വരെ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്നുബാങ്കുകള്ക്കു നോട്ടീസയച്ചതായി എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു.
സാക്കിര്‍ നായിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള 12 പേരുടെ പേരുവിവരങ്ങള്‍ രാജ്യത്തെ 72 ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും നല്‍കുകയും ഈ വ്യക്തികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള അക്കൗണ്ടുകള്‍ ഉണ്ടോയെന്നു പരിശോധിക്കാനും എന്‍.ഐ.എ ഉത്തരവിട്ടു.
ഐ.ആര്.എഫിന്റെ പ്രവര്‍ത്തനം ഈ മാസം 15നു അഞ്ചുവര്‍ഷത്തേക്കു നിരോധിച്ചു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് എന്‍.ഐ.എയുടെ നടപടി. സാക്കിര്‍ നായിക്കിനും ഐ.ആര്.എഫിനം എതിരേ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യു.എപി.എക്കു കീഴിലുള്ള 10, 13, 18 വകുപ്പുകളും ഐ.പി.സി 153 എ (രണ്ടുസമുദായങ്ങള്ക്കിടയില് ശത്രുത വളര്‍ത്തുന്ന വിധത്തില്‍ പ്രസംഗിക്കല്‍) വകുപ്പുകളും ചുമത്തിയാണ് എന്‍.ഐ.എയുടെ നടപടി. കഴിഞ്ഞദിവസങ്ങളില്‍ ഐ.ആര്.എഫിന്റെ വിവിധ സ്ഥാപനങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. പരിശോധനനടക്കുന്ന ദിവസങ്ങളില്‍ ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിച്ചിരുന്നതായും എന്‍.ഐ.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."