മോദിയുടെ റിപ്പോര്‍ട്ട് കള്ളം: മായാവതി
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിനെതിരേ മായവതിയും ശത്രുഘ്നന്‍ സിന്‍ഹയും രംഗത്ത്. സര്‍വെ ശുദ്ധ തട്ടിപ്പാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു.
സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനം ആളുകള്‍ മോദിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ അനുകൂലിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മോദി നടത്തിയ സര്‍വേ ശുദ്ധ തട്ടിപ്പും പണം നല്കി സൃഷ്ടിച്ചതുമാണ്. മോദിക്ക് ധൈര്യമുണ്ടെങ്കില്‍ ലോക്സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടണം. അപ്പോള്‍ മാത്രമാണ് യതാര്‍ഥ സര്‍വേ നടക്കുകയെന്നും അവര്‍ പറഞ്ഞു. മുന്‍ സിനിമാനടനും ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശത്രുഘനന് സിന്‍ഹ ട്വിറ്ററിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചത്. സ്ഥാപിത താല്പര്യങ്ങള്ക്കായി നടക്കുന്ന സര്‍വേകളും കെട്ടുകഥകളും വിശ്വസിച്ച് വിഢ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നത് അവസാനിപ്പിക്കാം.
നല്ല ഉദ്ദേശത്തോടെമാത്രം വര്‍ഷങ്ങളായി നമ്മുടെ അമ്മമാരും സഹോദരിമാരും അത്യാവശ്യത്തിനായി സൂക്ഷിച്ചിരുന്ന പണം കള്ളപ്പണവുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. എന്നിങ്ങനെയായിരുന്നു സിന്‍ഹയുടെ കമന്റ്. മോദി നല്കിയ ആപ്പില്‍ പ്രതികരണത്തിനായി നല്കിയ ചോദ്യങ്ങളില്‍ വിയോജിപ്പ് അറിയിക്കാന്‍ സൗകര്യമില്ലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."