നൈജീരിയയില്‍ 150 പ്രതിഷേധക്കാരെ സുരക്ഷാസൈന്യം വധിച്ചെന്ന് ആംനസ്റ്റി
അബുജ: നൈജീരിയയില്‍ 2015 ഓഗസ്റ്റിനു ശേഷം 150 പ്രതിഷേധക്കാരെ സുരക്ഷാസേന കൊലപ്പെടുത്തിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍.
2015 ഓഗസ്റ്റു മുതല്‍ 2016 ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. ഇത് സ്ഥിരീകരിക്കുന്നതിനായി 87 വീഡിയോകള്‍, 122 ഫോട്ടാഗ്രാഫുകള്‍, 146 ദൃക്‌സാക്ഷികളുടെ വിവരണങ്ങള്‍ തുടങ്ങിയവയും സംഘടന പുറത്തുവിട്ടിട്ടുണ്ട്. ആംനസ്റ്റി നൈജീരിയ വിഭാഗം തലവന്‍ മാക്മിഡ് കമാരയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
സ്വതന്ത്രരാഷ്ട്രത്തിനായി പ്രക്ഷോഭം നടത്തുന്ന ബയാഫ്ര പ്രക്ഷോഭകരെയാണ് സുരക്ഷാസേന കൂട്ടക്കുരുതി ചെയ്തത്. നൈജീരിയയുടെ തെക്കുകിഴക്കന്‍ പ്രദേശമായ ബയാഫ്രയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരാണ് ബയാഫ്ര പ്രക്ഷോഭകാരികള്‍. ഇഗ്‌ബോ എന്ന ജനവിഭാഗമാണ് ഇവിടെ അധിവസിക്കുന്നത്.
2016 മെയ് മാസത്തില്‍ ബയാഫ്ര നടത്തിയ അവരുടെ ഓര്‍മദിനത്തില്‍ മാത്രം 60 ഓളം ആളുകളെ സുരക്ഷാസേന വെടിവച്ചു കൊന്നതായാണ് കണക്കുകള്‍. എന്നാല്‍, ഇക്കാര്യം നൈജീരിയന്‍ പൊലിസ് നിഷേധിച്ചു. തങ്ങളുടെ പ്രതിഛായ കളങ്കപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നൈജീരിയന്‍ പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."