കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ജാഗ്രതവേണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി
മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി കിംവദന്തി പരക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ജാഗ്രത പുലര്‍ത്തണമെന്നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി. പരിചയമില്ലാത്ത വാഹനങ്ങളില്‍ കയറാതിരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും കുട്ടികള്‍ക്കു നിര്‍ദേശം നല്‍കണമെന്നു കമ്മിറ്റി ആവശ്യപ്പെട്ടു.
സ്‌കൂള്‍ അസംബ്ലികളില്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ക്കു ബോധവല്‍ക്കരണം നല്‍കണം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിചയമില്ലാത്ത കാറുകള്‍ക്കും ബൈക്കുകള്‍ക്കും കൈകാണിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇതിന്റെ അപകടം അവരെ ബോധ്യപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ക്ക് ഇതുസംബന്ധമായ നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.
അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലെ ജില്ലയില്‍നിന്നു സമീപകാലത്തു വ്യാപകമായി കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇതിനകം ഒരു സാധാരണ കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലിസ് അറിയിച്ചു. വിദേശത്തുനിന്നുള്‍പ്പെടെ ഫോണ്‍ മുഖേന ലഭിച്ച ചില പരാതികള്‍ വ്യാജമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനു സ്‌കൂള്‍തലത്തില്‍ ശക്തമായ ജാഗ്രതാ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
ജില്ലയില്‍ സര്‍വിസ് നടത്തുന്ന മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു കണ്‍സഷന്‍ അനുവദിക്കണമെന്നു യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ ടി.പി അഷ്‌റഫലി, സറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍, പ്രൊബേഷനറി ഓഫിസര്‍ കെ.വി യാസര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാരായ എ.കെ മുഹമ്മദ് സാലിഹ്, പി. മുഹമ്മദ് ഫസല്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."