പൊലിസ്, ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കുന്നു
നിലമ്പൂര്‍: ഇന്നലെ പടുക്ക വനമേഖലയില്‍ പൊലിസ് വെടിവയ്പില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായുള്ള പൊലിസിന്റെയും വനംവകുപ്പിന്റെയും സ്ഥിരീകരണംവന്നതോടെ വനാതിര്‍ത്തികളിലെ പൊലിസ്, ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്ക് അതീവ സുരക്ഷയൊരുക്കാന്‍ വനം, പൊലിസ് വകുപ്പുകളുടെ നിര്‍ദേശം.
മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും വനംവകുപ്പ് വനാതിര്‍ത്തികളിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റുകള്‍ക്ക് ഒരു സുരക്ഷയും ഒരുക്കിയിട്ടില്ലെന്നുള്ളത് ആശങ്ക വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് നിലമ്പൂര്‍, വഴിക്കടവ് പൊലിസ് സ്‌റ്റേഷനുകള്‍ക്കുള്‍പ്പെടെ സുരക്ഷ വര്‍ധിപ്പിച്ചത്. മതിലുകള്‍ക്കു മുകളില്‍ കമ്പിവേലിയും മുന്‍വശത്തെ വാതിലിനു മുന്നില്‍ സുരക്ഷാ സംവിധാനവും കനത്ത ഗേറ്റും സ്ഥാപിച്ചുകഴിഞ്ഞു.
പടുക്ക സ്റ്റേഷനില്‍ ഉള്‍പ്പെടെ രാത്രികാലങ്ങളില്‍ നാമമാത്ര വനപാലകരാണുള്ളത്. ഇവര്‍ക്കു മാവോയിസ്റ്റിനെ നേരിടുന്നതിനു യാതൊരുവിധ സംവിധാനങ്ങളും നിലവിലില്ല. റെയ്ഞ്ച് ഓഫിസര്‍മാരും ഡി.എഫ്.ഒമാരും ഉള്‍പ്പെടെയുള്ള ഉന്നത വനപാലകര്‍ സുരക്ഷിതരാണെങ്കിലും ഡെപ്യൂട്ടി റെയ്ഞ്ചര്‍ മുതല്‍ താഴേക്കുള്ള വനപാലകര്‍ ജീവന്‍ പണയംവച്ചാണ് ഇത്തരം ഫോറസ്റ്റ് സ്‌റ്റേഷനുകളില്‍ രാത്രി വെളുപ്പിക്കുന്നത്.
മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ക്കു പൊലിസ് സുരക്ഷയടക്കം ഒരുക്കേണ്ടത് അനിവാര്യമാണ്. മാവോയിസ്റ്റുകള്‍ വധിക്കപ്പെട്ട സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നു തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."