ജില്ലയില്‍ മാലിന്യ നിക്ഷേപം തുടര്‍ക്കഥയാവുന്നു; മീനങ്ങാടിയിലും തള്ളാന്‍ ശ്രമം
മീനങ്ങാടി: ജില്ലയില്‍ വാഹനങ്ങളിലെത്തി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രവണത വര്‍ധിക്കുന്നു. മീനങ്ങാടി സ്‌കൂള്‍ ജങ്ഷന് സമീപം പേ പാര്‍ക്കിങ്ങിന് മുകള്‍ ഭാഗത്തായി കോഴിക്കോട് നിന്നും കൊണ്ടുവന്ന സര്‍ജിക്കല്‍ മാലിന്യം തള്ളി. ഇതിന് മുന്‍പ് മാലിന്യവുമായി ജില്ലയിലെത്തിയ വാഹനം തടഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ മീനങ്ങാടിയില്‍ മാലിന്യം തള്ളിയത്. ഇത്തരക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തത് ജില്ലയെ മാലിന്യങ്ങള്‍ തള്ളുന്നതിനുള്ള കേന്ദ്രമാക്കി മാറ്റുന്നതായി പരാതിയുയരുന്നു. അടുത്ത സംസ്ഥാനങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍നിന്നുമായ് കൊണ്ട് വരുന്ന മാലിന്യങ്ങള്‍ വയനാട് ജില്ലയുടെ പല ഭാഗങ്ങളില്‍ നിക്ഷേപിക്കുന്നതും സംസ്‌കരിക്കുന്നതും പതിവായിരിക്കുന്നതിനിടയിലാണ് മീനങ്ങാടി ടൗണിന്റെ ഹൃദയഭാഗത്ത് പത്തോളം ലോറിയില്‍ മാലിന്യം കൊണ്ടുവന്ന് തള്ളിയത്.
അയല്‍ ജില്ലകളില്‍ നിന്നും കൊണ്ടുവന്ന സര്‍ജിക്കല്‍ വേസ്റ്റ് ഉള്‍പ്പടെയുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ആളൊഴിഞ്ഞ ഭാഗത്ത് തള്ളിയത്. ഏതാനും ദിവസമായി മാലിന്യങ്ങള്‍ ഇവിടെ കൊണ്ടിടാന്‍ തുടങ്ങിയിട്ട്. എന്നാല്‍ വ്യാഴാഴ്ച രാത്രി പത്തിലധികം ലോറികള്‍ എത്തിയപ്പോഴാണ് മീനങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസിന്റെ നേതൃത്വത്തില്‍ നടന്ന അന്വഷണത്തില്‍ കുമിഞ്ഞുകൂടിയ മാലിന്യ കൂമ്പാരം കണ്ടെത്തുകയായിരുന്നു. പലയിടങ്ങളില്‍ നിന്നായ് ഇവിടേക്ക് എത്തിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം ഇവിടെ നിന്നും തരംതിരിച്ച് മാണ്ഡ്യയിലെ പ്ലാസ്റ്റിക്ക് നിര്‍മാണ ശാലയിലേക്ക് കൊണ്ട് പോവുകയാണ് ചെയ്യുന്നതെന്ന് പൊലിസ് പറയുന്നു. മാലിന്യം എടുക്കുന്ന സ്ഥലങ്ങളില്‍ നിന്നും സംസ്‌കരണത്തിനായ് ലഭിക്കുന്ന തുകയും തരം തിരിച്ച് കട്ടി കൂടിയ പ്ലാസ്റ്റിക്ക് മാലിന്യം പുനര്‍നിര്‍മാണ ശാലക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന ലാഭവും ലക്ഷ്യമിട്ടാണ് ടെന്‍ഡര്‍ എടുത്ത സ്വകാര്യ വ്യക്തി ഇവിടെ മാലിന്യങ്ങള്‍ കൊണ്ടിട്ടത്. എന്നാല്‍ സംസ്‌കരണത്തിന് കൊണ്ട് പോകാന്‍ കഴിയാത്ത പ്ലാസ്റ്റിക്ക് ഇവിടെ ഉപേക്ഷിക്കപെടുന്നത് മൂലം ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടം മാലിന്യകൂമ്പാരമായ് മാറും. സര്‍ജിക്കല്‍ വേസ്റ്റ് അടക്കം ഇവിടെ നിക്ഷേപിക്കുന്നത് കാരണം പകര്‍ച്ചവ്യാധികള്‍ പടരാനും ഇടയാക്കും. ഇത്തരത്തിലുള്ള ഒരു സംസ്‌കരണ പരിപാടി ഇവിടെ നടക്കുന്നത് പഞ്ചായത്തിന്റെ അനുമതി ഇല്ലതെയാണെന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാര്‍ പറഞ്ഞു. എന്നാല്‍ പഞ്ചായത്തിന്റെ മൂക്കിനു കീഴില്‍ ഇതുപോലൊരു പരിപാടി നടന്നിട്ട് പഞ്ചായത്ത് അറിഞ്ഞില്ലെന്ന് പറയുന്നത് ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറലാണെന്ന് മുസ്‌ലിംലീഗും ബി.ജെ.പിയും ആരോപിച്ചു. മാലിന്യം എത്രയും പെട്ടെന്ന് നീക്കം ചെയ്തില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികളും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."