മാവോയിസ്റ്റുകളുടെ ശരീരത്തില്‍ വെടിയേറ്റ 30 മുറിവുകള്‍
കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങളില്‍ വെടിയേറ്റ 30 മുറിവുകളുണ്ടെന്ന് സൂചന. കുപ്പുദേവരാജിന്റെ മൃതദേഹത്തില്‍ 11 ഉം അജിതയെന്ന കാവേരിയുടെ മൃതദേഹത്തില്‍ 19ഉം പാടുകളുണ്ടെന്നാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുപ്പു ദേവരാജന്റെ ദേഹത്തുനിന്ന് മൂന്നു വെടിയുണ്ടകള്‍ പുറത്തെടുത്തു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നു പൊലിസ് വ്യക്തമാക്കി.
റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലിസ് അറിയിച്ചു. സെക്കന്റില്‍ 600 വെടിയുണ്ടകള്‍ പായുന്ന അത്യാധുനിക യന്ത്രതോക്കുപയോഗിച്ചാണ് പൊലിസിന്റെ ദൗത്യസംഘം( തണ്ടര്‍ബോള്‍ട്ട്) കുപ്പു ദേവരാജനെയും അജിതയെയും നേരിട്ടത്. പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയ പോസ്റ്റ്‌മോര്‍ട്ടം എട്ടുമണിക്കൂറോളം നീണ്ടു. കുപ്പുവിന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് ആദ്യം പൂര്‍ത്തിയായത്.
പോസ്റ്റ്‌മോര്‍ട്ടത്തിനു മുന്‍പ് മൃതദേഹങ്ങളുടെ സി.ടി സ്‌കാന്‍, എക്‌സ്‌റേ എന്നിവ എടുത്തിരുന്നു. സംസ്ഥാന സര്‍ക്കാറിനെതിരേ ആരോപണമുള്ള കേസുകളിലും ഏറ്റുമുട്ടല്‍ കേസുകളിലുമാണ് പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്താറുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണസംഘത്തിനും കോടതിക്കും കൈമാറും.
ഇന്നലെ വൈകീട്ടോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. മൃതദേഹത്തില്‍ വെടിയുണ്ട ഉള്‍പ്പെടെയുള്ള ലോഹാവശിഷ്ടങ്ങള്‍ ബാക്കിയുണ്ടോ എന്നറിയാന്‍ സ്‌കാനിങ് നടത്തിയിരുന്നു. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. പ്രസന്നന്‍, ഡോ. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കുപ്പുദേവരാജിന്റെ ബന്ധുക്കള്‍ മോര്‍ച്ചറിയില്‍ എത്തിയിരുന്നെങ്കിലും വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാരോപിച്ച് മൃതദേഹം ഏറ്റുവാങ്ങിയില്ല.
മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു സമീപം വന്‍പൊലിസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. വെടിവയ്പ്പിനെക്കുറിച്ച് പൊലിസ് ഇതുവരെ അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. മരിച്ച അജിത മദ്രാസ് കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു.
അതിനിടെ, പൊലിസ് നടപടിയെ ചോദ്യംചെയ്ത് മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു. എം.എന്‍ രാവുണ്ണി, ഗ്രോവാസു, വി.സി ജെന്നി, പി.ജെ മാനുവല്‍, സി.പി റഷീദ്, റജീഷ് കൊല്ലക്കണ്ടി, റെനി ഐലീന്‍, സുജ ഭാരതി, പി.ജി ഹരി, ജെയ്‌സണ്‍ സി. കൂപ്പര്‍ തുടങ്ങി 25 ഓളം പേരെയാണ് മെഡിക്കല്‍ കോളജ് പൊലിസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റുചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന രീതിയിലുള്ള തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."