ദേവരാജിന്റെ കൈയില്‍ ബ്രിട്ടന്‍ നിര്‍മിത പിസ്റ്റള്‍, ടെന്റിനുള്ളില്‍ വയര്‍ലെസ് സംവിധാനവും മിനി റേഡിയോ നിലയവും
നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു ടെന്റില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ ലഭിച്ചത് അത്യാധുനിക നെറ്റ്‌വര്‍ക്കിങ് സംവിധാനമുള്‍പ്പെടെ നൂറുകണക്കിനു വസ്തുക്കള്‍. വിലകൂടിയ മൊബൈലുകളും ഐപാഡും ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും അഞ്ചു ലക്ഷം രൂപയും ലഭിച്ചു.
കൊല്ലപ്പെട്ട ദേവരാജിന്റെ കൈവശം ജര്‍മന്‍ നിര്‍മിത പിസ്റ്റളാണുണ്ടായിരുന്നത്. ഇതു ലോഡ് ചെയ്ത നിലയിലായിരുന്നു. കുഴിബോംബ് നിര്‍മിക്കാനുതകുന്ന സേഫ്റ്റി ഫ്യൂസ്, ബാറ്ററി, വയര്‍, 16 മൊബൈല്‍ ഫോണുകള്‍, ബാറ്ററികള്‍, 150 സിംകാര്‍ഡുകള്‍, 26 പെന്‍ഡ്രൈവുകള്‍, നെറ്റ് സെറ്റര്‍, നാലു സോളാര്‍ പാനലുകള്‍, ഇതിനാവശ്യമായ ബാറ്ററികള്‍, അനുബന്ധ സാധനങ്ങള്‍, മൂന്നു റേഡിയോ ട്രാന്‍സിസ്റ്ററുകള്‍, വാക്കി ടോക്കി, ഡിക്ഷ്ണറികള്‍, പ്രിന്റര്‍, പ്രിന്റര്‍ കളര്‍ മഷിക്കുപ്പികള്‍, ടോര്‍ച്ചുകള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍, ചെറിയ മഴു, സ്‌റ്റെതസ്‌കോപ്പ്, മരുന്നുകള്‍, പ്രഷര്‍, ഷുഗര്‍ പരിശോധനക്കുള്ള സംവിധാനങ്ങള്‍, റൂട്ട് കനാല്‍ ഉപകരണങ്ങള്‍, കാക്കി യൂനിഫോമുകള്‍, ബാഗുകള്‍, ചെരിപ്പുകള്‍, ഷൂസുകള്‍, പുതപ്പുകള്‍, സി.ഡികള്‍, ഡി.വി.ഡി റൈറ്റര്‍, വസ്ത്രങ്ങള്‍, കൂടുതല്‍ പേര്‍ക്ക് ഭക്ഷണം പാകംചെയ്യുന്ന പാത്രങ്ങള്‍, തേന്‍, കാലി കെയ്‌സുകള്‍, വിക്രം ഗൗഡയുടെ ചുവന്ന നിറത്തിലുള്ള സോക്‌സ്, ടോര്‍ച്ചുകള്‍, കോട്ട്, തമിഴ്, മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള പത്രങ്ങള്‍, മാസികകള്‍, അഞ്ചു ലക്ഷത്തോളം രൂപയുടെ കറന്‍സികള്‍, ഇതില്‍ അസാധുവാക്കപ്പെട്ട 500ന്റെയും 1000 രൂപയുടെയും നോട്ടുകള്‍, 100രൂപ നോട്ടുകള്‍, 10രൂപയുടെ മൂന്ന് കെട്ടുകള്‍, മുളകുപൊടിയടക്കമുള്ള തമിഴ് ലേബലുകളില്‍ വിവിധ പലവ്യജ്ഞന പാക്കറ്റുകള്‍, 20 കിലോയോളം അരിയുള്‍പ്പെടെ 75 കിലോ സാധനങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം അത്യാധുനിക രീതിയിലുള്ള ആയുധങ്ങള്‍ കണ്ടെത്താനായിട്ടില്ല.
പിടിച്ചെടുത്ത സാധനങ്ങള്‍ നിലമ്പൂര്‍ കെ.എ.പി ക്യാംപില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയമാക്കും. പിടിച്ചെടുത്ത സാധനങ്ങളെ സംബന്ധിച്ച് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രനാണ് വിശദീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."