നഗരസഭ ഓഫിസില്‍ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തിനെതിരെ സെക്രട്ടറി പരാതി നല്‍കി
കാക്കനാട്: തൃക്കാക്കര നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എത്തി ഓഫിസില്‍ ബഹളം വെച്ച സംഭവത്തില്‍ തൃക്കാക്കര നഗരസഭ സെക്രട്ടറി പൊലിസില്‍ പരാതി നല്‍കി. വനിത കൗണ്‍സിലര്‍മാരോട് മോശമായി പെരുമാറിയ സി.പി.എം കൗണ്‍സിലര്‍ക്കെതിരെ നല്‍കിയ പരാതി സെക്രട്ടറി പൊലിസിന് നല്‍കാതെ പൂഴ്ത്തിയെന്ന് ആരോപിച്ച് തൃക്കാക്കര നഗരസഭ സെക്രട്ടറിക്കെതിരെ ഓഫിസില്‍ കയറി ബഹളം വെച്ച സംഭവത്തിലാണ് നഗരസഭ സെക്രട്ടറി പൊലിസില്‍ പരാതി നല്‍കിയത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ഒ.വര്‍ഗീസ്, മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല എന്നിവര്‍ ഉള്‍പ്പെടെ ആറംഗ സംഘത്തിനെതിരെയാണ് നഗരസഭ സെക്രട്ടറി പി.എസ്. ഷിബു പൊലിസില്‍ പരാതി നല്‍കിയത്. സെക്രട്ടറിയുടെ ചേംബറില്‍ അതിക്രമിച്ച് കയറി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പുറത്തിറങ്ങുമ്പോള്‍ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സെക്രട്ടറിയുടെ പരാതി. നേതാക്കള്‍ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യുമെന്ന് എം.ഒ.വര്‍ഗീസ് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ പ്രശ്‌നത്തില്‍ തന്നെ ബലിയാടാക്കുകയായിരുന്നവെന്നും സെക്രട്ടറി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം യു.ഡി.എഫ് വനിത കൗണ്‍സില്‍മാര്‍ക്കൊപ്പം എത്തിയ കോണ്‍ഗ്രസ് നേതാക്കളാണ് ഓഫിസില്‍ അതിക്രമിച്ച് കയറി ബഹളം വെച്ചത്.
വനിത കൗണ്‍സിലര്‍മാരോട് മോശമായി പെരുമാറിയ സി.പി.എം കൗണ്‍സിലര്‍ക്കെതിരെ നല്‍കിയ പരാതി സെക്രട്ടറി പൊലിസിന് നല്‍കാതെ പൂഴ്ത്തിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. സെക്രട്ടറിയോട് നേതാക്കള്‍ തട്ടിക്കയറിയത് നഗരസഭ ഓഫിസില്‍ ബഹളത്തിനും ഇടയാക്കിയിരുന്നു. മോശമായി പെരുമാറിയ സി.പി.എം കൗണ്‍സിലര്‍ക്കെതിരെ പതിനൊന്നു യു.ഡി.എഫ് വനിത കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതി പിന്നീട് എട്ട് പേര്‍ പിന്‍വലിച്ചതായി രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് പരാതി പൊലിസിന് കൈമാറാതിരുന്നതെന്ന് സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പൊലിസിന് കൈമാറാതെ പരാതിക്കാരെ ഫോണില്‍ വിളിച്ചു ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചതെന്ന് നഗരസഭ മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കല ആരോപിച്ചു. മൂന്ന് വനിത കൗണ്‍സിലര്‍മാര്‍ പരാതി പിന്‍വലിച്ചിരുന്നില്ല. പരാതി പിന്‍വലിക്കാതിരുന്നവരെ കൂടി വശത്താക്കി വനിത കൗണ്‍സിലര്‍മാരുടെ പരാതി സെക്രട്ടറി പൂഴ്ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളും വനിത കൗണ്‍സിലര്‍മാരും സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്തിനെ തുടര്‍ന്നാണ് പരാതി പൊലിസിന് കൈമാറാന്‍ സെക്രട്ടറി തയ്യാറായത്. അനുമതിയില്ലാതെ നഗരസഭ ചെയര്‍പേഴ്‌സണ്‍ന്റെ ഔദ്യോഗിക വാഹനത്തില്‍ രണ്ട് സി.പി.എം കൗണ്‍സിലര്‍മാര്‍ തിരുവനന്തപുരത്തേക്ക് രഹസ്യ യാത്ര നടത്തിയ സംഭവം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ 10ന് നടന്ന കൗണ്‍സില്‍ യോഗമാണ് വിവാദമായത്.
കൗണ്‍സില്‍ യോഗം കഴിഞ്ഞ ശേഷവും കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷം അവസാനിച്ചിരുന്നില്ല. ഇതിനിടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ന്റെ കാബിനില്‍ ഒത്തുകൂടിയ പ്രതിപക്ഷ വനിത കൗണ്‍സിലര്‍മാര്‍ക്കിടയിലേക്ക് ചെന്ന സി.പി.എം കൗണ്‍സിലര്‍, സ്ത്രീകളുടെ പുറത്ത് തട്ടി സംസാരിച്ചെന്നും അനുവാദമില്ലതെ ഫോട്ടോ എടുത്തുവെന്നുമാണ് ആരോപണം. സ്ത്രീകളുടെ ഇടക്ക് കയറി പട്ടിക ജാതി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാരോട് മോശമായി പെരുമാറിയ കൗണ്‍സിലര്‍ക്കെതിരെ സെക്രട്ടറിക്ക് അന്ന് തന്നെ പരാതിയും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."