ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിന് സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍
കൊണ്ടോട്ടി: മദ്‌റസാ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിനു സ്ഥമേറ്റെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് നിര്‍ദേശം. ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. മാനേജറുമായി ചര്‍ച്ച നടത്തി സ്ഥലവും കെട്ടിടവും ഉള്‍പ്പെടെ ഏറ്റെടുക്കുന്നതിനു വില നിശ്ചയിക്കുന്നതടക്കമുളള കാര്യങ്ങള്‍ ചര്‍ച്ചചെയ്തുവരികയാണ്.
ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ കഴിഞ്ഞ ജൂണ്‍ 12 മുതലാണ് പുതിയോടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം സെകന്‍ഡറി മദ്‌റസാ കെട്ടിടത്തിലേക്കു മാറ്റിയത്. ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടി മാനേജര്‍ ഹൈക്കോടതിയെ സമീപച്ചതോടെയാണ് സ്‌കൂള്‍ കഴിഞ്ഞ ജൂണ്‍ എട്ടിന് അടച്ചുപൂട്ടിയത്. എന്നാല്‍, നാലുമാസമായിട്ടും സ്‌കൂളിന്റെ പ്രവര്‍ത്തനം ആരും അറിഞ്ഞിരുന്നില്ല. കോഴിക്കോട് മലാപറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ പൂര്‍വസ്ഥിതിയിലേക്കു മാറ്റിയതോടെയാണ് സമാന അനുഭവമുള്ള മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തനവും സര്‍ക്കാര്‍ അധീനതയിലാക്കുന്നത്. ഇതുസംബന്ധിച്ചു സ്‌കൂള്‍ അധികൃതരില്‍നിന്നു ജില്ലാ കലക്ടര്‍ വിവരങ്ങള്‍ തേടി.
മദ്‌റസയുടെ കെട്ടിടം താല്‍ക്കാലികമാണെന്നും വൈകാതെ പരിഹാരം കാണുമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തും അധികൃതരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മദ്‌റസാ കെട്ടിടം താല്‍ക്കാലികമായി നല്‍കിയത്. പിന്നീട് സ്‌കൂള്‍ പി,ടി.എ യോഗത്തില്‍ വൈദ്യുത ബില്ല് സ്‌കൂള്‍ അധികൃതര്‍ അടച്ചുവരുന്നുണ്ട്. മദ്‌റസയുടെ സൗകര്യങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, വാടകയും മറ്റും നല്‍കുന്നില്ല. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം നടന്ന വാര്‍ഡ് സഭയില്‍ ചോദ്യം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനം ലഭിച്ചില്ലെന്നും ഉത്തരവില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരില്‍നിന്നു മറുപടി ലഭിച്ചത്.
സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നറിയിച്ചു ജൂണില്‍തന്നെ സര്‍ക്കാര്‍ വിജ്ഞാപനം കലക്ടറേറ്റില്‍ എത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികളൊന്നും നാലു മാസത്തിനിടെ നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം അധ്യാപകരടക്കം സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാകലക്ടറുടേയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടേയും മുന്നില്‍ വിശദീകരിച്ചു. വൈകാതെ പ്രശ്‌നത്തിനു പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."