അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകള്‍ പൊലിസ് കസ്റ്റഡിയില്‍; മര്‍ദ്ദിച്ചില്ലെന്ന് മാതാവ്
പയ്യന്നൂര്‍: അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകളെയും മകളുടെ ഭര്‍ത്താവിനെയും പയ്യന്നൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. മാവിച്ചേരിയിലെ 75 കാരി കെ. കാര്‍ത്യായനി അമ്മയെയാണ് മകള്‍ ചന്ദ്രമതി ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് മക്കളുള്ള കാര്‍ത്യായനിയമ്മ ആണ്മക്കളുടെ കൂടെയായിരുന്നു താമസം. രണ്ട് ദിവസം മുമ്പാണ് ഏക മകള്‍ ചന്ദ്രമതിയുടെ വീട്ടിലെത്തിയത്.
ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കാര്‍ത്യായനിയമ്മ അറിയാതെ കിടക്കയില്‍ മൂത്രമൊഴിച്ചു പോയതാണ് മകളെ പ്രകോപിപ്പിച്ചത്. ചൂലും വടിയും കൊണ്ടാണ് ചന്ദ്രമതി അമ്മയെ മര്‍ദ്ദിച്ചത്. തല്ലരുതെന്ന് പറഞ്ഞ് കാര്‍ത്യായനി അമ്മ കരഞ്ഞ് പറഞ്ഞുവെങ്കിലും മകള്‍ അനുസരിച്ചില്ല. മര്‍ദ്ദിച്ച ശേഷം ഇവര്‍ അമ്മയെ തള്ളി പുറത്താക്കുകയും ചെയ്തു. അമ്മയുടെ പേരിലുള്ള് സ്വത്ത് കൈക്കലാക്കിയ ശേഷമാണ് ചന്ദ്രമതി അമ്മയെ മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തതെന്ന് മറ്റുള്ള മക്കള്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ എ.വി. ദിനേശന്റെ നേതൃത്വത്തില്‍ ചന്ദ്രമതിയെ കസ്റ്റഡിയിലെടുത്തത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ കര്‍ത്യായനി അമ്മയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, തന്നെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും തനിക്ക് പരാതിയില്ലെന്നും മാതാവ് പൊലിസിനോട് പറഞ്ഞു. അതേസമയം, സംഭവത്തില്‍ ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസെടുക്കാനാണ് പൊലിസ് നീക്കം. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."