തകര്‍ന്നടിഞ്ഞത് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സ്വപ്‌നങ്ങള്‍
തൊടുപുഴ: ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന നവജാത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്വപ്‌നങ്ങളാണ് എല്‍.ഡി.എഫ് തൂത്തുവാരിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത്. പാര്‍ട്ടി അധ്യക്ഷന്‍ ഫ്രാന്‍സിസ് ജോര്‍ജ് അടക്കം മല്‍സരിച്ച നാലു പേരും പരാജയം ഏറ്റുവാങ്ങി. ഇടുക്കി, ചങ്ങനാശേരി, പൂഞ്ഞാര്‍ എന്നീ കൃസ്ത്യന്‍ സ്വാധീന മേഖലകളില്‍ പാര്‍ട്ടിക്ക് സ്വീകാര്യത ഉണ്ടായില്ല എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കേരളാ കോണ്‍ഗ്രസ്(എം) പിളര്‍ത്തി എല്‍.ഡി.എഫിലേക്ക് ചേക്കേറിയത് ഇടത് അണികള്‍ക്ക് ഉള്‍ക്കൊളളാനായില്ലെന്ന് ജനഹിതം സൂചിപ്പിക്കുന്നു.
കേരള കോണ്‍ഗ്രസുകള്‍ മാറ്റുരച്ച ഇടുക്കി നിയോജക മണ്ഡലത്തില്‍ 9333 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേരള കോണ്‍ഗ്രസിലെ(എം) റോഷി അഗസ്റ്റിന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തിയത്. 60556 വോട്ടുകള്‍ റോഷി അഗസ്റ്റിന്‍ നേടിയപ്പോള്‍ 51223 വോട്ടുകള്‍ നേടാനെ ഫ്രാന്‍സിസ് ജോര്‍ജിന് കഴിഞ്ഞുള്ളു. 2011 ല്‍ സി.പി.എമ്മിലെ സി.വി വര്‍ഗീസ് പാര്‍ട്ടി ചിഹ്നത്തില്‍ ഇവിടെ മത്സരിച്ചപ്പോള്‍ 49,923 വോട്ടുകള്‍ നേടിയിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ വ്യക്തിപ്രഭാവമോ, മുന്‍പരിചയമോ, ഹൈറേഞ്ച് സംരക്ഷണ സമിതിയുമായുള്ള കൂട്ടുകെട്ടോ, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നിശ്ചിത വോട്ടുകളോ, സഭയുടെ പിന്തുണയോ ഫ്രാന്‍സിസ് ജോര്‍ജിന് ഗുണകരമായി ലഭിച്ചില്ലന്നാണ് എല്‍.ഡി.എഫിന്റെ പ്രാഥമിക വിലയിരുത്തല്‍. 20,000 ത്തില്‍ താഴെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയുടെ വോട്ട് നില്‍ക്കുമെന്ന കണക്കുകൂട്ടലുകളും പാടെ തെറ്റി. എന്‍.ഡി.എയുടെ ബിജു മാധവന്റെ വോട്ട് 27,403ലേയ്ക്ക് ഉയര്‍ന്നത് അപ്രതീക്ഷിതമായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15806 വോട്ട് ആയിരുന്ന റോഷി അഗസ്റ്റിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ എല്‍.ഡി.എഫ് വോട്ട് രണ്ടായിരത്തോളം മാത്രം വര്‍ധിപ്പിക്കാനേ ഫ്രാന്‍സിസ് ജോര്‍ജിനായുള്ളു.
മത്സരിച്ച മറ്റ് മൂന്നിടങ്ങളിലും ഒട്ടും പ്രതീക്ഷക്ക് വകയില്ലാത്ത പ്രകടനമാണ് പാര്‍ട്ടി കാഴ്ചവെച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ ആന്റണി രാജു, വി.എസ്. ശിവകുമാറിനോട് 10905 വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്നാം സ്ഥാനത്തുള്ള എന്‍.ഡി.എ സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ ശ്രീശാന്തിനെക്കാള്‍ നേരിയ വോട്ടിന്റെ വ്യത്യാസം മാത്രമാണ് മുന്‍ നിയമസഭാംഗം കൂടിയായ ആന്റണി രാജുവിനുളളത്. ചങ്ങനാശേരിയില്‍ ഡോ. കെ.സി. ജോസഫിനും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മാനം കാക്കാനായില്ല. 1849 വോട്ടിനാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ സി.എഫ്. തോമസ്, കെ.സി. ജോസഫിനെ പരാജയപ്പെടുത്തിയത്. പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് കാട്ടാനിറങ്ങിയ പി.സി. ജോര്‍ജിനെ നേരിടാന്‍ എല്‍.ഡി.എഫ് നിയോഗിച്ചത് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ മുന്‍നിരക്കാരനായ പി.സി. ജോസഫിനെ. ചതുഷ്‌കോണ മത്സരം നടന്ന ഇവിടെ മൃഗീയ ഭൂരിപക്ഷത്തില്‍ പി.സി. ജോര്‍ജ് ജയിച്ച് കയറിയപ്പോള്‍ 22870 വോട്ട് മാത്രം നേടി മൂന്നാം സ്ഥാനത്തേയ്ക്ക് പി.സി ജോസഫ് പിന്തളളപ്പെട്ടു.
പ്രകടനം ദയനീയമായിരുന്നെങ്കിലും ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്ഥാനത്തെ തീര്‍ത്തും എല്‍.ഡി.എഫ് തളളിക്കളയില്ല. കൃസ്ത്യന്‍ വിഭാഗവുമായുളള പാലമെന്ന നിലയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് എല്‍.ഡി.എഫില്‍ പ്രസക്തിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."