മെഡിക്കല്‍ കോളജിനെ ലോകനിലവാരത്തിലേക്കുയര്‍ത്തും: ആരോഗ്യ മന്ത്രി
കോഴിക്കോട്: അഞ്ചുവര്‍ഷം കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ലോകനിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇ.എന്‍.ടി വിഭാഗത്തിലെ നവീകരിച്ച സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് പാത്തോളജിയുടെയും പൊള്ളലേറ്റവര്‍ക്കായുള്ള ബേണ്‍സ് ഐ.സി.യുവിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ വകുപ്പുകളുടെയും പോരായ്മകള്‍ പരിഹരിച്ച് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഇതിനു മാസ്റ്റര്‍പ്ലാന്‍ തയാറാക്കി ഓരോ ഘടകവും ശ്രദ്ധിച്ചു ലഭ്യമാക്കാവുന്ന സഹായ പദ്ധതികള്‍ നടപ്പിലാക്കും. ജനിച്ചയുടന്‍ കുഞ്ഞുങ്ങളുടെ ശ്രവണശേഷി പരിശോധിച്ച് നേരത്തേ തന്നെ കോക്ലിയാന്‍ ഇംപ്ലാന്റേഷനുള്ള സൗകര്യമൊരുക്കും. ജനിച്ച് 18 മാസത്തിനുള്ളില്‍ കോക്ലിയാന്‍ ഇംപ്ലാന്റേഷന്‍ നടത്തണമെന്നാണ് വിദഗ്ധാഭിപ്രായം. കുട്ടികളുടെ ശ്രവണസഹായി ഉപകരണങ്ങളുടെ കാലാവധി നീട്ടാന്‍ സംവിധാനുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ സൗകര്യം മറ്റു മെഡിക്കല്‍ കോളജുകളില്‍ പടിപടിയായി ലഭ്യമാക്കും. അന്‍പതിലേറെ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ശ്രവണശേഷി പരിശോധനയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഉപഹാര സമര്‍പ്പണവും രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗരേഖാ പ്രകാശനവും ബോണ്‍ ആങ്കേഡ് ശ്രവണസഹായി വിതരണവും മന്ത്രി നിര്‍വഹിച്ചു.
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലെ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി പ്രൊജക്ടിന്റെ സാമ്പത്തിക സഹായത്തോടെയാണ് നവീകരണം പൂര്‍ത്തീകരിച്ചത്. സെന്റര്‍ വിപുലീകരിച്ചതിലൂടെ കൂടുതല്‍ രോഗികള്‍ക്ക് സമയബന്ധിതമായി ചികിത്സ നല്‍കാനാകും. ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. കേരള സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷെറീനാ വിജയന്‍, ഡോ. എസ്. രാജേഷ്, മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. എം.കെ മോഹന്‍കുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് സൂപ്രണ്ട് ഡോ. ടി.പി രാജഗോപാല്‍ സംസാരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ശ്രീജയന്‍ സ്വാഗതവും ഇ.എന്‍.ടി വകുപ്പ് മേധാവി ഡോ. മുരളീധരന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുരുന്നുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."